ന്യൂഡൽഹി: ചൈനയിൽ കുട്ടികളിലടക്കം ശ്വാസകോശ രോഗം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ സംസ്ഥാന സർക്കാരുകൾക്ക് മുൻകരുതൽ നിർദേശം നൽകി കേന്ദ്രം. സംസ്ഥാന സർക്കാരുകൾ ആശുപത്രികളിൽ മതിയായ സൗകര്യം ഒരുക്കണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. ഇക്കാര്യമടക്കം ചൂണ്ടികാട്ടി കേന്ദ്ര ആരോഗ്യ സെക്രട്ടറി എല്ലാ സംസ്ഥാനങ്ങൾക്കും കത്തയച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം കത്തിൽ പറയുന്നുണ്ട്.
നേരത്തെ ചൈനയിൽ ന്യുമോണിയക്ക് സമാനമായ പകർച്ചവ്യാധി വ്യാപകമായി പടർന്നു പിടിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. കുട്ടികളിലാണ് ശ്വാസകോശ സംബന്ധമായ രോഗം വ്യാപകമായി പടരുന്നത്. ചൈനയിലെ ആശുപത്രികളിൽ ദിനം പ്രതി രോഗികളുടെ എണ്ണം വർധിക്കുകയാണെന്നും റിപ്പോർട്ടുണ്ട്. വടക്കൻ ചൈനയിലാണ് രോഗം പടർന്നുപിടിക്കുന്നത്.
കുട്ടികൾക്കിടയിൽ രോഗം വ്യാപകമായതിനാൽ വടക്കൻ ചൈനയിലെ മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. മാസ്കുകൾ ധരിക്കണമെന്നും അകലം പാലിക്കണമെന്നുമുൾപ്പെടെയുള്ള നിർദേശങ്ങളും ചൈന പുറപ്പെടുവിച്ചിട്ടുണ്ട്.