കോഴിക്കോട്: ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകാത്ത എംഎസ് സൊല്യൂഷന്‍സിലെ അധ്യാപകര്‍ക്കെതിരെ കര്‍ശന നടപടിയുമായി ക്രൈംബ്രാഞ്ച്. രണ്ടു തവണ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിട്ടും അധ്യാപകര്‍ ഹാജരായില്ല. ഇതേതുടര്‍ന്നാണ് കര്‍ശന നടപടിയിലേക്ക് ക്രൈംബ്രാഞ്ച് നീങ്ങുന്നത്.
ഹാജരാകാൻ ആവശ്യപ്പെട്ട് വീണ്ടും നോട്ടീസ് നൽകും. ഇനിയും ഹാജരായില്ലെങ്കിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. എംഎസ് സൊല്യൂഷന്‍സ് അപ്ലോഡ് ചെയ്ത ചോദ്യപേപ്പര്‍ പ്രവചന വീഡിയോകളുടെ വിശദാംശം തേടി അന്വേഷണ സംഘം യൂട്യൂബിന് മെയിൽ അയച്ചു. എസ്എസ്എൽസി ഇംഗ്ലീഷ്, പ്ലസ് വണ്‍ കണക്ക് പരീക്ഷകളുടെ പ്രവചന വീഡിയോകളുടെ വിശദാംശമാണ് തേടിയത്.