അഴിയൂർ: ദേശീയപാത വികസനത്തിന്റെ ഭാഗമായി ചോമ്പാലിൽ നിർമ്മിക്കുന്ന ടോൾ പ്ലാസയ്ക്ക് ചുറ്റുമുള്ള പ്രദേശവാസികളുടെ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കുമെന്ന് കെ.കെ. രമ എം.എൽ.എ പറഞ്ഞു. ടോൾ പ്ലാസ നിർമ്മാണവുമായി ബന്ധപ്പെട്ട് നാട്ടുകാർ ഉന്നയിച്ച പരാതികൾ നേരിട്ട് പരിശോധിക്കാൻ സ്ഥലത്തെത്തിയതായിരുന്നു എം.എൽ.എ. വിഷയത്തിൽ ജനങ്ങൾക്കുള്ള ആശങ്കകൾ പരിഹരിക്കുമെന്നും ഇതിനായി ദേശീയപാത അതോറിറ്റിയുമായി ചർച്ച നടത്തുമെന്നും അവർ വ്യക്തമാക്കി.
മുക്കാളി കെ.എസ്.ഇ.ബി ഓഫീസ് മുതൽ ചോമ്പാൽ ബ്ലോക്ക് ഓഫീസ് വരെയുള്ള ഭാഗത്താണ് ടോൾ പ്ലാസ നിർമ്മിക്കുന്നത്. ടോൾ പ്ലാസ വരുന്നതോടെ നിലവിലുള്ള സർവീസ് റോഡ് ഇല്ലാതാകുന്നതാണ് പ്രദേശവാസികളെ പ്രതിസന്ധിയിലാക്കിയത്. ഇതിന് പരിഹാരമായി സ്ലിപ്പ് റോഡ് ഉൾപ്പെടെയുള്ള ബദൽ സംവിധാനങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കണമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു. പ്രശ്നത്തിന്റെ ഗൗരവം ദേശീയപാത അതോറിറ്റിയെ ബോധ്യപ്പെടുത്തുമെന്ന് എം.എൽ.എ ഉറപ്പുനൽകി.
ആക്ഷൻ കമ്മിറ്റി പ്രതിനിധികളായ എ.ടി. ശ്രീധരൻ, പി. ബാബുരാജ്, എ.ടി. മഹേഷ്, യു.എ. റഹീം, പ്രദീപ് ചോമ്പാല, കെ.കെ. രാജൻ, കെ.പി. ഗോവിന്ദൻ, രാമത്ത് പുരുഷു എന്നിവർ എം.എൽ.എയുമായി നടത്തിയ ചർച്ചയിൽ പങ്കെടുത്തു.
ചോമ്പാൽ ടോൾ പ്ലാസ: പ്രദേശവാസികളുടെ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കും; ആശങ്ക വേണ്ടെന്ന് കെ.കെ. രമ എം.എൽ.എ
Mar 15, 2026, 3:45 pm GMT+0000
payyolionline.in
