നാരായൺപൂർ: ഛത്തീസ്ഗഢിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ 30 മാവോവാദികളെ വധിച്ചു. നാരായൺപൂർ-ദന്തേവാഡ അതിർത്തിയിലെ മാദിലാണ് ഏറ്റുമുട്ടൽ നടന്നത്. ഓട്ടോമാറ്റിക് ആയുധങ്ങളുടെ വൻ ശേഖരം മാവോവാദികളിൽ നിന്ന് സുരക്ഷാസേന പിടിച്ചെടുത്തു. പ്രദേശത്ത് സേനയുടെ വിശദമായ തിരച്ചിൽ നടത്തുകയാണ്.
സെപ്റ്റംബർ മൂന്നിന് ഛത്തീസ്ഗഢിലെ ബസ്തർ മേഖലയിൽ സുരക്ഷസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഒമ്പത് മാവോവാദികളെ വധിച്ചിരുന്നു. ദന്തേവാഡ, ബിജാപുർ ജില്ലകളുടെ അതിർത്തിക്ക് സമീപമുള്ള വനത്തിലായിരുന്നു ഏറ്റുമുട്ടൽ. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് വൻ ആയുധശേഖരവും കണ്ടെത്തിയിരുന്നു.
ഇതോടെ ഛത്തീസ്ഗഢിൽ ഈ വർഷം സുരക്ഷസേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോവാദികളുടെ എണ്ണം 180 പിന്നിട്ടു. അതേസമയം, ബിജാപുർ ജില്ലയിൽ 13 മാവോവാദികളെ സംയുക്ത ദൗത്യസേന അറസ്റ്റ് ചെയ്തിരുന്നു. ബസ്തർ മേഖലയിൽ ദന്തേവാഡ, ബിജാപുർ ഉൾപ്പെടെ ഏഴു ജില്ലകളാണുള്ളത്.
സെപ്റ്റംബർ 22ന് ദന്തേവാഡ ജില്ലയിൽ ദമ്പതികൾ ഉൾപ്പെടെ നാല് മാവോവാദികൾ പൊലീസിന് മുമ്പാകെ കീഴടങ്ങിയിരുന്നു. ദമ്പതികളെ കൂടാതെ കീഴടങ്ങിയ രണ്ടു പേരും വനിതകളാണ്. നാലു പേരുടെയും കൂടി തലക്ക് സർക്കാർ 20 ലക്ഷം ഇനാം പ്രഖ്യാപിച്ചിരുന്നു.
നക്സലുകളെ സമാധാനപാതയിലേക്ക് കൊണ്ടുവരാൻ 2020 ജൂണിൽ ‘വീട്ടിലേക്ക് മടങ്ങുക’ കാമ്പയിൻ ആരംഭിച്ച ശേഷം 872 മാവോവാദികൾ കീഴടങ്ങിയിട്ടുണ്ട്.