ഇടുക്കി : മൂന്നാറില്‍ ജനവാസമേഖലയിലിറങ്ങി നാശമുണ്ടാക്കുന്ന കാട്ടുകൊമ്പന് പടയപ്പയെ ഉള്‍കാട്ടിലേക്ക് തുരത്താനുള്ള ശ്രമം ഇന്ന് മുതല്‍ തുടങ്ങും. ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം ചേർന്ന ശേഷം ഹൈറേഞ്ച് സിസിഎഫ് ആര് എസ് അരുണാണ് നിര്‍ദ്ദേശം നല്‍കിയത്. നിലവില്‍ ഉള്‍കാട് അധികമില്ലാത്ത പ്രദേശത്താണ് പടയപ്പയുള്ളത്. ഡ്രോണ്‍ ഉപയോഗിച്ച് പടയപ്പയെ നിരീക്ഷിക്കും. ഉള്‍കാട്ടിലേക്ക് കൊണ്ടുവിടാന്‍ സാധിക്കുന്ന പ്രദേശത്തെത്തിയാല്‍ തുരത്തനാണ് നീക്കം. തല്കാലം മയക്കുവെടി വെച്ച് പിടികൂടേണ്ടതില്ലെന്നാണ് വിലയിരുത്തല്‍. ആര്‍ആര്‍ടിക്കൊപ്പം പടയപ്പയെ നിരീക്ഷിക്കാനുണ്ടാക്കിയ പുതിയ സംഘവും ദൌത്യത്തിൽ പങ്കുചേരും.
മാട്ടുപ്പെട്ടിയിലും തെന്മലയിലും ഇന്നലെയും പടയപ്പ ജനവാസമേഖലയിലിറങ്ങി കടകൾ തകർത്തു. തീറ്റയും വെള്ളവും ലഭിക്കാത്തതിനാലാണ് ആന ജനവാസമേഖലയിലെത്തുന്നതെന്നാണ് വനംവകുപ്പിന്റെ നിഗമനം. അതിനാൽ തീറ്റയും വെള്ളവുമുള്ള ഉള്‍കാട്ടിലെത്തിച്ച് തിരികെ വരാതെ നോക്കാനാണ് ശ്രമം. രണ്ടുദിവസത്തിനിടെ ആറുകടകളാണ് തകര്‍ത്തത്. ആര്‍ആര്‍ടി സംഘം കാട്ടിലേക്കോടിച്ചുവിടുന്ന പടയപ്പ അധികം വൈകാതെ ജനവാസമേഖലയിലെത്തുന്നുവെന്നതാണ് വെല്ലുവിളി.