ജപ്പാനെ പിന്തള്ളി ഇന്ത്യ ലോകത്തെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ; ജിഡിപി 4.187 ലക്ഷംകോടി യുഎസ് ഡോളർ

news image
May 26, 2025, 12:36 pm GMT+0000 payyolionline.in

ന്യൂഡൽഹി:   ജപ്പാനെ പിന്തള്ളി ലോകത്തെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ. നിതി ആയോഗ് ഗവേണിങ് കൗൺസിൽ യോഗത്തിനുശേഷം സിഇഒ ബി.വി.ആർ. സുബ്രഹ്മണ്യമാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യാന്തര നാണ്യനിധിയുടെ (ഐഎംഎഫ്) രേഖകൾ അനുസരിച്ചു രാജ്യം ജപ്പാനെ മറികടന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു. യുഎസ്, ചൈന , ജർമനി എന്നീ രാജ്യങ്ങളാണ് ആദ്യ 3 സ്ഥാനങ്ങളിൽ. കഴിഞ്ഞവർഷംവരെ ഇന്ത്യ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായിരുന്നു.

ഐഎംഎഫിന്റെ പുതിയ കണക്കുപ്രകാരം ഇന്ത്യയുടെ ജിഡിപി 4.187 ലക്ഷംകോടി യുഎസ് ഡോളറാണ്. ജപ്പാന്റേത് 4.186 ലക്ഷംകോടി ഡോളറും. ഇരുരാജ്യങ്ങളും തമ്മിൽ നേരിയ വ്യത്യാസമാണുള്ളത്. ചൈനയുടേതു 19.23 ലക്ഷംകോടി ഡോളറാണ്. ഒന്നാം സ്ഥാനത്തുള്ള യുഎസിന്റേതു 30.51 ലക്ഷംകോടി ഡോളറും.

ഐഎംഎഫ് കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച വേൾഡ് ഇക്കണോമിക് ഔട്ട്‌ലോക് റിപ്പോർട്ടിൽ 2025–26 സാമ്പത്തിക വർഷം ഇന്ത്യ 6.2 % വളർച്ച കൈവരിക്കുമെന്നാണു വിലയിരുത്തൽ. അതേസമയം, ആഗോള വളർച്ച 2.5 % മാത്രമാണു പ്രതീക്ഷിക്കുന്നത്.

ഗവേണിങ് കൗൺസിൽ യോഗത്തിന്റെ ഭാഗമായി നിതി ആയോഗ് അവതരിപ്പിച്ച ‘വികസിത് ഭാരത്@2047’ നയരേഖയിൽ രാജ്യം കഴിഞ്ഞ ഒരുദശകത്തിനിടെ ലോകത്തെ ഏറ്റവും മികച്ച 5 സമ്പദ്‌വ്യവസ്ഥകളിലൊന്നായി ഉയർന്നുവെന്നും പറയുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe