ജമ്മു കശ്മീരില്‍ സാമൂഹികപ്രവര്‍ത്തകനെ ഭീകരർ വീട്ടിൽ കയറി വെടിവെച്ച് കൊന്നു

news image
Apr 27, 2025, 5:21 am GMT+0000 payyolionline.in

ശ്രീനഗർ: ജമ്മു കശ്മീരില്‍ സാമൂഹികപ്രവര്‍ത്തകനെ തീവ്രവാദികൾ വെടിവെച്ച് കൊലപ്പെടുത്തി.  45-കാരനായ ഗുലാം റസൂല്‍ മഗരെയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച അര്‍ധരാത്രിയോടെ കുപ്‌വാര ജില്ലയിലെ കന്‍ഡി ഖാസിലുള്ള വീട്ടിലേക്ക് അതിക്രമിച്ച് കയറിയ തീവ്രവാദികൾ ഗുലാമിനെ വെടിവെച്ചുകൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം.ആക്രമണത്തിൽ ഗുലാം റസൂലിന്‍റെ വയറിലും ഇടത് കൈയിലുമാണ് വെടിയേറ്റത്.  ഉടന്‍തന്നെ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. തീവ്രവാദികള്‍ എന്തുകൊണ്ടാണ് സാമൂഹിക പ്രവര്‍ത്തകനെ ആക്രമിച്ചത് എന്ന് വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

 

അതിനിടെ ജമ്മുകാശ്മീരിൽ ഭീകരർക്കെതിരായ നടപടി തുടരുകയാണ് സൈന്യവും ജില്ലാ ഭരണകൂടവും. ഇന്നലെ രാത്രി ഒരു ഭീകരന്‍റെ വീട് സൈന്യം ബോംബിട്ട് തകർത്തു. ലഷ്കർ ഭീകരൻ ഫാറൂഖ് അഹമ്മദിന്‍റെ കുപ്വാരയിലുള്ള വീടാണ് തകർത്തത്. ഉഗ്ര സ്ഫോടനത്തിന്‍റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. പാകിസ്ഥാൻ സേന വെടിനിർത്തൽ കരാർ ലംഘിച്ച് പലയിടത്തും വെടിവെപ്പ് നടക്കുന്നുണ്ട്. ഇന്ത്യ തിരിച്ചടി നടത്തുന്നുണ്ട്. പാകിസ്ഥാൻ പ്രകോപനപരമായി വെടി വെക്കുകയാണെന്നാണ് സൈന്യം പറയുന്നത്. പാകിസ്ഥാന്‍റെ വിരട്ടൽ വേണ്ടെന്നും പ്രകോപനം തുടർന്നാൽ തിരിച്ചടി ഉറപ്പാണെന്നും ഇന്ത്യൻ സൈന്യം ആവർത്തിച്ച് വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe