ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; ഭീകരരുടെ ആക്രമണത്തിൽ സൈനികന് വീരമൃത്യു

news image
Apr 24, 2025, 6:13 am GMT+0000 payyolionline.in

ജമ്മുകാശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; സൈനികന് വീരമൃത്യു. ജമ്മു കാശ്മീരിലെ ഉദംപൂർ ജില്ലയിൽ ഭീകരരുമായി ഏറ്റുമുട്ടലിലാണ് സൈനികൻ കൊല്ലപ്പെട്ടത്. സംഭവസ്ഥലത്ത് കൂടുതൽ സേനയെ വിന്യസിച്ചു. ഭീകരവാദികൾക്കെതിരെ സ്ഥലത്ത് സംയുക്ത ഓപ്പറേഷൻ തുടരുകയാണ്. അതേസമയം, പാക്കിസ്ഥാനെതിരെ കൂടുതൽ നടപടികളാരംഭിച്ച് ഇന്ത്യ. പാക്കിസ്ഥാനിലെ ‘എക്‌സ്’ അക്കൗണ്ട് ഇന്ത്യ നീക്കി. ദില്ലിയിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷന് പുറത്ത് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകളും പോലീസ് നീക്കം ചെയ്തു.

 

പാകിസ്ഥാനെതിരെ ഇന്ത്യ കടുത്ത നടപടികൾ എടുത്തതിന് പിന്നാലെ സൈനിക അഭ്യാസം നടത്താനൊരുങ്ങിയിരിക്കുകയാണ് പാക് നാവിക സേന. അറബിക്കടലിൽ പാക് തീരത്തോട് ചേർന്ന് നാവിക അഭ്യാസം പ്രഖ്യാപിച്ചിരിക്കുകയാണ് പാക്കിസ്ഥാൻ. മിസൈൽ പരീക്ഷണം നടത്തിയേക്കും എന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം, ഇന്ത്യയുടെ വിമാന വാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്ത്‌ തീരത്തുനിന്ന് ഉൾക്കടലിലേക്ക് നീങ്ങിയെന്നും റിപ്പോർട്ടുകളുണ്ട്.

ഇന്ത്യയുടെ നയതന്ത്ര തിരിച്ചടിക്ക് പിന്നാലെ പാക്കിസ്ഥാനിൽ ഇന്ന് ദേശീയ സുരക്ഷാ കമ്മിറ്റിയുടെ യോഗം രാവിലെ ചേരുന്നുണ്ട്. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് വിളിച്ച യോഗത്തിൽ പ്രധാന കാബിനറ്റ് മന്ത്രിമാരും സുരക്ഷാസേനയിലെ ഉന്നതരും പങ്കെടുക്കും. അതേസമയം, ഭീകരാക്രമണം വിലയിരുത്താന്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്‍റെ അധ്യക്ഷതയിൽ സര്‍വകക്ഷിയോഗം ഇന്ന് ചേരും. മന്ത്രിസഭ സമിതിയുടെ തീരുമാനങ്ങളും അന്വേഷണ വിവരങ്ങളും യോഗം ചര്‍ച്ച ചെയ്യും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe