മുംബൈ : ജയ്പൂര്‍-മുംബൈ എക്സ്പ്രസിലെ കൂട്ടക്കൊലക്കേസില്‍ പ്രതി ചേതന്‍ സിംഗിനെ നാര്‍ക്കോ അനാലിസിലിന് വിധേയമാക്കണമെന്ന് പൊലീസ്. അവശ്യവുമായി അന്വേഷണ സംഘം കോടതിയെ സമീപിച്ചു. കൂട്ടക്കൊലയ്ക്ക് പിന്നിലുള്ള യഥാർഥ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. ഈയവസരത്തിലാണ് നാർക്കോ അനാലിസിസ് നടത്തണമെന്ന ആവശ്യവുമായി അന്വേഷണസംഘം കോടതിയെ സമീപിച്ചത്. ആവശ്യം കോടതി ഇന്ന് പരിഗണിക്കും.
ജൂലൈ 31 നായിരുന്നു സംഭവം നടന്നത്. ആര്‍പിഎഫ് ഉദ്യോഗസ്ഥനായ ചേതന്‍ സിംഗ് മേലുദ്യോഗസ്ഥനായ ടിക്കാറാം മീണയേയും ട്രെയിനിലെ യാത്രക്കാരായ 3 പേരെയും വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ വച്ചായിരുന്നു കൊലപാതകം. തുടർന്ന് ട്രെയിനിൽ നിന്ന് രക്ഷപെടാൻ ശ്രമിച്ച ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു. വിദ്വേഷ കൊലപാതകമാണ് നടന്നതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. കൊലപാതകത്തിന് ശേഷം ചേതന്‍ സിങ് നരേന്ദ്രമോദിയെയും യോഗി ആദിത്യനാഥിനെയും പ്രകീർത്തിച്ചും മുസ്ലീം വിഭാഗത്തെ അധിക്ഷേപിച്ചും സംസാരിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.
ചേതൻ സിംഗിനെതിരെ പൊലീസ് മതസ്പര്‍ധാ വകുപ്പും മതവിശ്വാസം വ്രണപ്പെടുത്തിയെന്ന കുറ്റത്തില്‍ ഐപിസി 153 എ വകുപ്പും കൂടി ചുമത്തിയിരുന്നു. പ്രതിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് നാര്‍ക്കോ അനാലിസിസ് നടത്തണമെന്ന അവശ്യവുമായി പൊലീസ് കോടതിയെ സമീപിച്ചത്. നാർക്കോ അനാലിസിസ്, ബ്രെയിൻ മാപ്പിങ്ങ്, പോളിഗ്രാഫ് എന്നി ടെസ്റ്റുകൾക്ക് പ്രതിയെ വിധേയമാക്കണമെന്നാണ് പൊലിസ് കോടതിയോട് അവശ്യപ്പെട്ടിട്ടുള്ളത്.