പേരാമ്പ്ര : ജലജീവൻ പദ്ധതിക്ക് കീഴിൽ ചേർമലയിൽ നിർമിച്ച പുതിയ ടാങ്കിൽനിന്ന് ജലവിതരണ പൈപ്പിടൽ പ്രവൃത്തി തുടങ്ങാനായില്ല. പേരാമ്പ്ര പഞ്ചായത്തിന്റെ അധീനതയിലുള്ള ചേർമലയിലെ സ്ഥലത്താണ് ടാങ്ക് നിർമിച്ചത്. ഇതിന് തൊട്ടടുത്ത് ചേർമല കേവ് ടൂറിസം പദ്ധതി തുടങ്ങിയതാണ് പൈപ്പിടാനുള്ള പ്രവൃത്തിക്ക് തടസ്സമായത്. ടൂറിസം പദ്ധതി സ്ഥലത്തുകൂടിയാണ് റോഡുവരെ പൈപ്പിടേണ്ടത്. ഭൂമിയുടെ ഉടമസ്ഥാവകാശം പഞ്ചായത്തിൽത്തന്നെ നിക്ഷിപ്തമാക്കി ഡി.ടി.പി.സി.യുടെ നേതൃത്വത്തിലാണ് ടൂറിസം പദ്ധതി നടപ്പാക്കിയത്. പ്രവൃത്തി പൂർത്തിയാക്കി അടുത്തിടെ ഉദ്ഘാടനം ചെയ്തിരുന്നു.
ജലസേചനവിഭാഗം അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ 2024-ൽതന്നെ പൈപ്പിടാൻ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തിന് കത്തുനൽകിയിരുന്നെങ്കിലും നടപടിയുണ്ടായിട്ടില്ല. പൈപ്പുകളെല്ലാം നേരത്തേതന്നെ എത്തിച്ചുകഴിഞ്ഞതാണ്. ടാങ്കിലേക്കും ഇവിടെനിന്ന് പുറത്തേക്കുമുള്ള പൈപ്പിടാനുണ്ട്. ടാങ്ക് നിർമിക്കാൻ സ്ഥലം അനുവദിച്ചപ്പോൾ പമ്പിങ്ങിന്റെ മെയിൻ പൈപ്പിടാനുള്ളത് പഞ്ചായത്ത് ലഭ്യമാക്കാമെന്ന് ജലസേചനവിഭാഗം അധികൃതരെ അറിയിച്ചതാണ്. എന്നാൽ, പിന്നീടാണ് ടൂറിസംപദ്ധതിക്കായി ഈ സ്ഥലം ഉൾപ്പെടെ വിട്ടുനൽകിയത്.2023-ൽ പൈപ്പിടാനുള്ള സ്ഥലത്ത് ടൂറിസം പ്രവൃത്തി നടക്കുമ്പോൾതന്നെ ടാങ്കിലേക്കുള്ള വഴി ഒഴിവാക്കി പ്രവൃത്തി നടത്തണമെന്നാവശ്യപ്പെട്ടും ജലസേചനവിഭാഗം അധികൃതർ പഞ്ചായത്തിന് കത്ത് നൽകിയിരുന്നു. എന്നാൽ റോഡരികിലും ടാങ്കിനുസമീപവും മതിലടക്കം ടൂറിസംപദ്ധതിയുടെ ഭാഗമായി നിർമിച്ചുകഴിഞ്ഞു.
പുതിയ പഞ്ചായത്ത് ഭരണസമിതി അധികാരത്തിൽ വന്നതോടെ കഴിഞ്ഞ ഭരണസമിതിയോഗത്തിൽ വിഷയം ചർച്ചചെയ്തിരുന്നു. പൈപ്പിടാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജലസേചനവിഭാഗം അധികൃതരോട് ആവശ്യപ്പെടാനും ഇതിനുള്ള സൗകര്യമൊരുക്കണമെന്ന് ഡി.ടി.പി.സി.യോട് ആവശ്യപ്പെടാനും തീരുമാനിച്ചിട്ടുണ്ട്. ടാങ്കിൽനിന്ന് ജലവിതരണം തുടങ്ങാത്തതിനാൽ വീടുകളിലേക്ക് ജലജീവൻപദ്ധതി പൈപ്പിട്ട് ടാപ്പുകൾ സ്ഥാപിച്ചിട്ടും വെള്ളത്തിനായി കാത്തിരിപ്പ് തുടരുകയാണ്. വേനൽക്കാലത്ത് കുടിവെള്ളപ്രശ്നം രൂക്ഷമാകുന്ന പ്രദേശങ്ങളും ഇതിലുണ്ട്. 18 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള പുതിയ ടാങ്കാണ് ചേർമലയ്ക്ക് മുകളിൽ ജലജീവൻപദ്ധതിയിൽ നിർമിച്ചത്. 25.7 കോടിയുടെതാണ് പദ്ധതി. പ്രദേശത്ത് മൊബൈൽടവറുള്ള സ്ഥലത്തിന് സമീപമുള്ള പേരാമ്പ്ര പഞ്ചായത്തിന്റെ അധീനതയിലുള്ള 30 സെന്റ് സ്ഥലം ഇതിനായി കൈമാറുകയായിരുന്നു. 2022-ൽ നിർമാണനടപടികൾ തുടങ്ങിയെങ്കിലും പ്രവൃത്തി പൂർത്തീകരിക്കാത്തതിനാൽ ഇതുവരെ കുടിവെള്ളവിതരണം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. ചിലമ്പവളവിൽ ഉപയോഗിക്കാതെ കിടന്നിരുന്ന ടാങ്കാണ് പേരാമ്പ്രയിൽ ജലജീവൻപദ്ധതിക്കായി ആദ്യ ടാങ്കായി ഉപയോഗപ്പെടുത്തിയത്. ചിലമ്പ വളവിലെ ടാങ്കുവരെ പ്രധാന പൈപ്പ് ലൈൻ സ്ഥാപിക്കൽ നേരത്തെ നടക്കുകയും ചെയ്തു. എന്നാൽ ഇതിൽനിന്ന് ഉയർന്ന പ്രദേശങ്ങളിൽ വെള്ളം നൽകാനാകാത്തതിൽ പുതിയ ടാങ്ക് നിർമിക്കാൻ തീരുമാനിക്കുകയായിരുന്നു. പെരുവണ്ണാമൂഴിയിലെ ജലശുദ്ധീകരണശാലയിൽനിന്ന് ചിലമ്പവളവിലെ ടാങ്കുള്ള സ്ഥലത്തേക്ക് വെള്ളമെത്തിക്കുകയും അവിടെനിന്ന് രണ്ടാമത്തെ ടാങ്കിലേക്ക് വെള്ളമെത്തിക്കുകയുമാണ് ചെയ്യുന്നത്.
