കൊച്ചി: തന്‍റെ പാട്ടുകൾ ജാതി ഭീകരത പ്രചരിപ്പിക്കുന്നതാണെന്ന ആർ.എസ്.എസ് നേതാവിന്‍റെ പരാമർശത്തിൽ മറുപടിയുമായി റാപ്പർ വേടൻ. ജാതി ഭീകരത എന്നുപറയുന്നത് കോമഡിയാണെന്നും താൻ വിഘടനവാദിയാണെന്ന് മുമ്പും പലരും പറഞ്ഞിട്ടുണ്ടെന്നും വേടൻ പ്രതികരിച്ചു. വിവാദങ്ങളുമായി ബന്ധപ്പെട്ട് ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടിവന്നു. അമ്പലങ്ങളിൽ ഇനിയും പാടുമെന്നും ഈ സമയവും കടന്നുപോകുമെന്നും വേടൻ പറഞ്ഞു.
“പുള്ളിക്കാരന് അഭിപ്രായം പറയാമല്ലോ. ഇത് പുതിയ കാര്യമല്ല. ഞാൻ വിഘടനവാദിയാണെന്ന് മുമ്പും പലരും പറഞ്ഞിട്ടുണ്ട്. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നതെന്ന് അറിയില്ല. ജാതി ഭീകരത എന്നൊക്കെ പറയുന്നത് കോമഡിയല്ലേ. സർവ ജീവികൾക്കും സമത്വം കൽപിക്കുന്ന അംബേദ്കർ പൊളിറ്റിക്സിലാണ് ഞാൻ വിശ്വസിക്കുന്നത്. ബാക്കിയെല്ലാം ആളുകൾ തീരുമാനിക്കട്ടെ.
അമ്പലങ്ങളിൽ ഇനിയും അവസരം ലഭിക്കും. ഞാൻ പോയി പാടുകയും ചെയ്യും. വിവാദങ്ങളുമായി ബന്ധപ്പെട്ട് ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടിവന്നു. എല്ലാം പറയാനാകില്ലല്ലോ. അതെല്ലാം അതിജീവിക്കാൻ പറ്റുക, ധൈര്യമായിരിക്കുക എന്നതിനാണ് ഇപ്പോൾ പ്രാധാന്യം. ഈ സമയവും കടന്നുപോകും എന്നുമാത്രമേ ഇപ്പോൾ പറയാനുള്ളൂ” – പുലിപ്പല്ല് കേസ് ജാമ്യവ്യവസ്ഥയുടെ ഭാഗമായി കോടനാട് വനം വകുപ്പ് റേഞ്ച് ഓഫീസിൽ എത്തിയപ്പോൾ വേടൻ പറഞ്ഞു.
നേരത്തെ കേസരി വാരിക മുഖ്യപത്രാധിപർ കൂടിയായ ഡോ. എൻ.ആർ. മധുവാണ് വേടന്‍റെ പാട്ടുകൾക്കെതിരെ രംഗത്തുവന്നത്. വേടന്‍റേത് വിഘടനവാദം പ്രചരിപ്പിക്കുന്ന സാഹിത്യമാണെന്നും വളർന്നുവരുന്ന തലമുറയുടെ മനസ്സിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമായി ഇത് അരങ്ങുവാഴുകയാണെന്നും എൻ.ആർ. മധു പറഞ്ഞു.
‘നവോത്ഥാനം ചില സ്ഥലങ്ങളിലെങ്കിലും വഴിപിഴച്ചുപോകുന്നുണ്ടോയെന്ന് സംശയിക്കണം. കഴിഞ്ഞദിവസം ഒരു അമ്പലപ്പറമ്പിൽ വേടന്‍റെ ആട്ടും പാട്ടും കൂത്തുമുണ്ടായിരുന്നെന്നാണ് അറിഞ്ഞത്. ആളുകൾ കൂടാൻ വേടന്‍റെ പാട്ട് വെക്കുന്നവർ ഒരുപക്ഷേ, ആളുകൂടാൻ കാബറെ ഡാൻസും അമ്പലപ്പറമ്പുകളിൽ വെക്കും. വേടനോട് വ്യക്തിപരമായ വിരോധമൊന്നുമില്ല. വേടൻ എന്ന കലാകാരന്‍റെ പിന്നിൽ ശക്തമായ സ്പോൺസർ ശക്തികളുണ്ട്.
സൂക്ഷ്മമായി പഠിച്ചാൽ ഈ രാജ്യത്ത് വിഘടനം സ്വപ്നംകണ്ട് കഴിയുന്ന തമോമയ ശക്തികൾ അയാളുടെ പിന്നിലുണ്ടെന്നത് കൃത്യമാണ്. അത്തരം കലാഭാസങ്ങൾ നമ്മുടെ നാലമ്പലങ്ങളിലേക്ക് കടന്നുവരുന്നതിനെ ചെറുത്തുതോൽപിക്കാൻ നമുക്ക് കഴിയണമെന്നും എൻ.ആർ. മധു പറഞ്ഞു.