ജാനകി vs സ്റ്റേറ്റ് ഓഫ് കേരള സിനിമ കാണാൻ ഹൈക്കോടതി

news image
Jul 2, 2025, 10:22 am GMT+0000 payyolionline.in

ജാനകി സിനിമക്ക് പ്രദർശനാനുമതി നിഷേധിച്ച വിഷയത്തിൽ അസാധാരണ നീക്കവുമായി ഹൈക്കോടതി. സിനിമ നേരിൽ കണ്ട് പരിശോധിക്കാൻ കോടതി തീരുമാനിച്ചു. ശനിയാഴ്ച കൊച്ചി പാലാരിവട്ടത്തെ ലാൽ സ്റ്റുഡിയോയിൽ എത്തി സിനിമ കാണുമെന്ന് കേസ് പരിഗണിച്ച സിംഗിൾ ബഞ്ച് വ്യക്തമാക്കി. കോടതിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി സംവിധായകൻ പ്രവീൺ നാരായണൻ പറഞ്ഞു.

സുരേഷ് ഗോപി ചിത്രം ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമ നേരിൽ കണ്ട് പരിശോധിക്കാനാണ് ഹൈക്കോടതിയുടെ തീരുമാനം. ജസ്റ്റിസ് എന്‍ നഗരേഷ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. ശനിയാഴ്ച രാവിലെ 10 മണിക്ക് കോടതി സിനിമ കാണുമെന്ന് കേസ് പരിഗണിക്കവെ കോടതി പറഞ്ഞു. അതിനുള്ള സൗകര്യമൊരുക്കാനും നിര്‍മാതാക്കളോട് കോടതി നിർദ്ദേശിച്ചു. പാലാരിവട്ടം ലാൽ മീഡിയ സ്റ്റുഡിയോയിലെത്തിയാണ് ജസ്റ്റിസ് എൻ നഗരേഷ് സിനിമ കാണുക.

 

സിനിമയുമായി ബന്ധപ്പെട്ട വിവാദം നേരിട്ട് പരിശോധിക്കാനാണ് കോടതിയുടെ തീരുമാനം.തീരുമാനം സ്വാഗതം ചെയ്യുന്നുവെന്നും സെൻസർ ബോർഡിൻ്റെ തീരുമാനം കോടതിയിൽ നിലനിൽക്കില്ലന്നും സംവിധായകൻ പ്രവീൺ നാരായണൻ പറഞ്ഞു. സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനം വിലക്കിയ നടപടി ചോദ്യം ചെയ്ത് നിര്‍മാതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം. ദൈവത്തിന് അപകീർത്തികരമായതോ, വംശീയ അധിക്ഷേമുള്ളതോ ആയതൊന്നും സിനിമയിൽ ഇല്ലന്ന് സിനിമ കണ്ടാൽ കോടതിക്ക് ബോധ്യപ്പെടുമെന്ന് ഹർജിക്കാർ വാദത്തിനിടെ ചൂണ്ടിക്കാട്ടിയിരുന്നു.

ജാനകിയെന്ന പേര് ദൈവത്തിന്റേതാണെന്ന അവകാശമുന്നയിച്ചാണ് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനം വിലക്കിയതെന്ന് നിര്‍മാതാക്കള്‍ കോടതിയില്‍ വ്യക്തമാക്കി. സമാന കാരണം ചൂണ്ടിക്കാട്ടി മറ്റ് ചില സിനിമകൾക്കും പ്രദർശനാനുമതി നിഷേധിച്ചതായി ഹർജിക്കാർ വ്യക്തമാക്കി. ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ സെൻസർ ബോർഡിനോട് കോടതി നിർദേശിച്ചു. അടുത്ത ബുധനാഴ്ച ഹർജി വീണ്ടും പരിഗണിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe