ആലപ്പുഴ: ജി സുധാകരനെതിരായ മുഖ്യമന്ത്രി പിണറായി വിജയൻ്റെ പരാമർശത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജി സുധാകരനെതിരെ മുഖ്യമന്ത്രി നടത്തിയ പ്രയോഗം അദേഹം വഹിക്കുന്ന പദവിക്ക് ചേർന്നതല്ലെന്നും ഇത്രയും വില കുറഞ്ഞ പദം ഒരു മുഖ്യനും ഇതിന് മുൻപ് ഉപയോഗിച്ചിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഹരിപ്പാട് മണ്ഡലത്തിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ വെച്ചാണ് രമേശ് ചെന്നിത്തല പ്രതികരിച്ചത്.
അതേസമയം മുഖ്യമന്ത്രിയുടെ ‘ചെറ്റത്തരം’ പരാമർശത്തിന് മറുപടിയുമായി സിപിഐഎം വിട്ട മുതിർന്ന നേതാവ് ജി സുധാകരൻ തന്നെ നേരിട്ട് പ്രതികരിച്ചിരുന്നു. ചെറ്റ എന്ന് വിളിച്ചതിൽ അഭിമാനം കൊളളുന്നുവെന്നാണ് ജി സുധാകരൻ പറഞ്ഞത്. ചെറ്റപ്പുരയും ചെറ്റക്കുടിലും പാവപ്പെട്ടവന്റെ വീടാണെന്നും ചെറ്റ എന്നാൽ അടിസ്ഥാനവർഗത്തിന്റെ പുരയാണെന്നും ജി സുധാകരൻ പറഞ്ഞു. ആ ചെറ്റപ്പുരയെ ആക്ഷേപിക്കുകയാണ് തന്നെ ചെറ്റ എന്ന് വിളിക്കുക വഴി മുഖ്യമന്ത്രി ചെയ്തതെന്നുമാണ് അദേഹം പ്രതികരിച്ചത്.
‘പതിനെട്ട് വയസ് വരെ ഞാൻ ഓലമേഞ്ഞ ചെറ്റപ്പുരയിലാണ് ജീവിച്ചത്. ചാണകത്തിണ്ണയിലാണ് കഴിഞ്ഞത്. മുഖ്യമന്ത്രിയ്ക്ക് മലയാള ഭാഷയുടെ അർത്ഥഭേദങ്ങൾ അറിയില്ല. നിഘണ്ടു വായിച്ചിട്ടില്ല. മുഖ്യമന്ത്രിയെ വിമർശിക്കും ഞാൻ. പക്ഷെ ചീത്ത പറയില്ല. അതെന്റെ ഗുരുത്വമാണ്. ചെറ്റ എന്നല്ല ഇനി വറ്റ മത്സ്യം എന്ന് വിളിച്ചാലും ഞാൻ ചീത്ത പറയില്ല’ : ജി സുധാകരൻ പറഞ്ഞു. യുഡിഎഫ് ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
