അങ്ങനെ ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ 249 രൂപയുടെ റീച്ചാർജ് പ്ലാൻ വി ഐയും നിർത്തലാക്കി. പ്രതിമാസ റീച്ചാർജിനായി വരിക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന പ്ലാൻ ആയിരുന്നു 249 രൂപയുടേത്. എന്നാൽ വരുമാനം വർധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ മാറ്റം. കൂടുതൽ ഉയർന്ന വിലയുള്ള റീച്ചാർജ് പ്ലാനുകൾ തെരഞ്ഞെടുക്കാൻ വരിക്കാരെ നിർബന്ധിതരാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ടെലിക്കോം കമ്പനികൾ 1ജിബി പ്രതിദിന ഡാറ്റ സഹിതം ലഭ്യമായിരുന്ന 249 രൂപ പ്ലാൻ നിർത്തലാക്കിയിരിക്കുന്നത്.റിലയൻസ് ജിയോ ആണ് 249 രൂപയുടെ റീച്ചാർജ് പ്ലാൻ ആദ്യം നിർത്തലാക്കിയത്. ജിയോ 249 രൂപ പ്ലാൻ പിൻവലിച്ചതിന് പിന്നാലെ എയർടെലും തങ്ങളുടെ 249 രൂപ പ്ലാൻ പിൻവലിച്ചു. ഈ പ്രമുഖ കമ്പനികളും പ്ലാനുകൾ പിൻവലിച്ചപ്പോൾ വിഐ നിർത്തലാക്കാത്തത് വരിക്കാർക്ക് വല്യ ആശ്വാസമായിരുന്നു. എന്നാൽ ആ ആശ്വാസത്തിന് വെറും ഒരു മാസത്തിന്റെ ആയുസേ ഉണ്ടായിരുന്നുള്ളൂ എന്ന് ഇപ്പോൾ വ്യക്തമായിരിക്കുന്നു.
ഇതുവരെ ഉണ്ടായിരുന്ന 249 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ വിഐ 1ജിബി പ്രതിദിന, പ്രതിദിനം 100 എസ്എംഎസ്, അൺലിമിറ്റഡ് കോളിങ് എന്നിവയാണ് വാഗ്ദാനം ചെയ്തിരുന്നത്. 24 ദിവസ വാലിഡിറ്റിയായിരുന്നു ഈ പ്ലാൻ നൽകിയിരുന്നത്. ഈ പ്ലാൻ നിർത്തലാക്കിയതോടെ ഇനി വിഐ വരിക്കാർ കൂടുതൽ ഉയർന്ന തുകയിൽ മറ്റ് പ്ലാനുകൾ ആശ്രയിക്കേണ്ട സാഹചര്യമാണ്.