ശ്രീനഗർ: ഇന്ത്യപാക് സംഘർഷത്തിൽ വെടിനിർത്തൽ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു. എങ്കിലും അതിർത്തി ഗ്രാമങ്ങളിൽ ജീവിക്കുന്നവർക്ക് അനിശ്ചിതത്വത്തിന്റെയും കഷ്ടനഷ്ടങ്ങളുടെയും നാളുകളാണ്. പാകിസ്ഥാൻ തുടർച്ചയായി ചൊരിഞ്ഞ ഷെല്ലുകൾ ഇനിയും ഭീഷണിയായി തുടരും. അത് ഉടനീളം നിലയ്ക്കാത്ത ഭീതിയാണ്.
പൊട്ടാതെ അവശേഷിക്കുന്ന ഷെല്ലുകൾ നീക്കം ചെയ്തിട്ടില്ലാത്തതിനാൽ അതിർത്തി ഗ്രാമങ്ങളിലെ ജനങ്ങൾ ഉടൻ തിരിച്ചു വരരുതെന്ന് ജമ്മു കശ്മീർ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബോംബ് സ്ക്വാഡ് പരിശോധന നടത്തുന്നതുവരെ സുരക്ഷിത സ്ഥാനങ്ങളിൽ തുടരാനാണ് പല ഗ്രമാങ്ങൾക്കും ഈ അറിയിപ്പ് നൽകിയിട്ടുള്ളത്.
ബാരാമുള്ള, ബന്ദിപ്പുര, കുപ്‌വാര ജില്ലകളിൽ 1.25 ലക്ഷം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിപാർപ്പിച്ചിരുന്നു. കൂടുതൽ നാശനഷ്ടങ്ങൾക്ക് ഇരയായ ഉറിയിൽ കഴിഞ്ഞ 27 വർഷമായി സമാധാന ജീവിതമായിരുന്നു. ഇത്തവണ യുദ്ധം എത്തിയപ്പോൾ നൂറുകണക്കിന് കുടുംബങ്ങൾ പലായനം ചെയ്തു.
ബാരാമുള്ള ജില്ലയിലെ ഉറി സെക്ടറിലെ അതിർത്തി ഗ്രാമങ്ങളിലെ ആറെണ്ണത്തിലെ താമസക്കാർക്ക് തിങ്കളാഴ്ച അവരുടെ വീടുകളിലേക്ക് മടങ്ങാൻ അധികാരികൾ അനുമതി നൽകി.