മൊബൈല്‍, ഇന്റർനെറ്റ് അടിമത്തത്തില്‍ നിന്നും കുട്ടികളെ മോചിപ്പിക്കുന്നത് ലക്ഷ്യമിട്ട് കേരള പൊലീസ് ആരംഭിച്ച ഡി-ഡാഡ് (ഡിജിറ്റല്‍ ഡി അഡിക്ഷൻ) പദ്ധതിയ്ക്ക് ജില്ലയില്‍ മികച്ച പ്രതികരണം.സംസ്ഥാനത്ത് കണ്ണൂർ അടക്കമുള്ള ആറ് സെന്ററുകളില്‍ നിന്ന് 1189 കുട്ടികളെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ പദ്ധതിയിലൂടെ സാധിച്ചു.
രണ്ടുവർഷം മുമ്ബാണ് ഡി-ഡാഡ് പദ്ധതി ആരംഭിച്ചത്. തിരുവന്തപുരം, കൊച്ചി (2), തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലായി ആറ് ഡിജിറ്റല്‍ ലഹരി വിമോചനകേന്ദ്രങ്ങളാണ് നിലവില്‍ പ്രവർത്തിക്കുന്നത്.നിലവില്‍ 275 കുട്ടികള്‍ക്ക് ചികിത്സ നല്‍കുന്നുണ്ട്.
സൈക്കോളജിസ്റ്റ്, പ്രോജക്‌ട് കോർഡിനേറ്റർ എന്നിവരുടെ നേതൃത്വത്തിലാണ് സെന്റർ പ്രവർത്തിക്കുന്നത്. ഇവർക്ക് പുറമേ പൊലീസ് കോഡിനേറ്റർമാരുമുണ്ട്.എ.എസ്.പി.യാണ് നോഡല്‍ ഓഫീസർ.മൊബൈല്‍ ഫോണിന്റെയും ഇന്റർനെറ്റിന്റെയും അമിത ഉപയോഗം, അതേത്തുടർന്നുള്ള അപകടങ്ങള്‍ എന്നിവയില്‍നിന്ന് കുട്ടികളെ മോചിപ്പിക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്.ആരോഗ്യം, വനിതാ-ശിശു വികസനം, വിദ്യാഭ്യാസം എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് സെന്ററുകള്‍ പ്രവർത്തിക്കുന്നത്.ദുസ്വാധീനം കണ്ടെത്തും ഇന്റർനെറ്റ് അഡിക്ഷൻ ടെസ്റ്റ് വഴി
മനശാസ്ത്രവിദഗ്ധർ തയ്യാറാക്കിയ ഇന്റർനെറ്റ് അഡിക്ഷൻ ടെസ്റ്റ് വഴിയാണ് ഡിജിറ്റല്‍ അടിമത്തത്തിന്റെ തോത് കണ്ടെത്തുക. പിന്നാലെ കുട്ടികളെ സ്മാർട്ട്ഫോണ്‍ അഡിക്ഷൻ ടെസ്റ്റിന് വിധേയമാക്കും. തുടർന്ന് ഇതില്‍നിന്ന് മോചിപ്പിക്കാനുള്ള തെറാപ്പി, കൗണ്‍സലിംഗ്, മാർഗനിർദേശങ്ങള്‍ എന്നിവ നല്‍കും. കുട്ടി സുരക്ഷിതനായെന്ന് ഉറപ്പിക്കുന്നതുവരെ ‘ഡി ഡാഡ്’ സേവനങ്ങള്‍ ലഭിക്കും . രക്ഷിതാക്കള്‍, അദ്ധ്യാപകർ, ഈ മേഖലയിലെ വിവിധ സംഘടനകള്‍, ഏജൻസികള്‍ എന്നിവർക്ക് ‘ഡി ഡാഡ്’ അവബോധവും പകരുന്നുണ്ട്. കൗണ്‍സിലിംഗിലൂടെ പരിഹരിക്കാനാകാത്ത പ്രശ്‌നങ്ങളാണെങ്കില്‍ മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടും. കൗണ്‍സിലിംഗിനായെത്തുന്ന വിദ്യാർത്ഥികളുടെ വിവരങ്ങള്‍ രഹസ്യമായിരിക്കും. എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ പത്ത് മുതല്‍ അഞ്ചുവരെ സെന്ററിലൂടെ സേവനം ലഭിക്കും. ഈ വർഷം ജനുവരി മുതല്‍ ആഗസ്ത് വരെ 207 കുട്ടികള്‍ക്ക് ഇത്തരത്തിലുള്ള സേവനങ്ങളും തുടർ പിന്തുണയും നല്‍കിയിട്ടുണ്ട്.
2023 മുതല്‍ 1992 പരാതികള്‍ പദ്ധതി ആരംഭിച്ച 2023 മാർച്ച് ഒന്നുമുതല്‍ കഴിഞ്ഞ ജൂലായ് 31 വരെ 1992 കേസുകളാണ് ആകെ റിപ്പോർട്ട് ചെയ്തത്.കുട്ടികളിലെ അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം, ഓണ്‍ലൈൻ ഗെയിം ആസക്തി, അശ്ലീലസൈറ്റുകള്‍ സന്ദർശിക്കല്‍,സാമൂഹികമാദ്ധ്യമങ്ങളില്‍ കൂടുതല്‍ സമയം ചെലവഴിക്കല്‍, വ്യാജ ഷോപ്പിംഗ് സൈറ്റുകളിലൂടെ പണം നഷ്ടപ്പെടല്‍ തുടങ്ങിയവയാണ് ഡി-ഡാഡിലെത്തുന്ന പരാതികളില്‍ ഏറെയും.
ഡീ-ഡാഡ് വിവരങ്ങള്‍ക്ക്: 9497900200.