കോട്ടയം∙ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ വോട്ടെടുപ്പു പുരോഗമിക്കവെ, പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ സ്ഥാപിച്ച പോസ്റ്ററിനെച്ചൊല്ലി വിവാദം. മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയായ ജെയ്ക് സി.തോമസിന്റെ വിജയത്തിനായി ഉമ്മൻ ചാണ്ടിയുടെ മധ്യസ്ഥത തേടുന്ന പരിഹാസരൂപേണയുള്ള പോസ്റ്ററാണ് വിവാദമായത്. പോസ്റ്ററിനെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തി.
‘പുതുപ്പള്ളിയിലെ പുതിയ പുണ്യാളാ, വി.ചാണ്ടി സാറേ.. സഖാവ് ജെയ്ക്കിന്റെ വിജയത്തിനു വേണ്ടി പ്രാർഥിക്കണമേ…’ – എന്നാണ് വിവാദ പോസ്റ്ററിലെ വാചകം. ഈ പോസ്റ്ററിനു പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിക്കുന്നു. പുതുപ്പള്ളി പള്ളിയെ ടാഗ് ചെയ്ത് ഒരാൾ ഫെയ്സ്ബുക്കിൽ പങ്കുവച്ച പോസ്റ്ററും ഇവർ തെളിവായി നിരത്തുന്നു.
വിവാദ പോസ്റ്ററും ഉമ്മൻ ചാണ്ടിയുടെ കല്ലറയുടെ ചിത്രവും പങ്കുവയ്ക്കുന്ന ഈ പോസ്റ്റിനൊപ്പമുള്ള കുറിപ്പ് ഇങ്ങനെ:
‘ഇലക്ഷൻ ആയോണ്ട് രാവിലെ പുതിയ പുണ്യാളന്റെ അടുത്തുപോയി സഖാവ് ജെയിക്കിന്റെ വിജയത്തിനു വേണ്ടി പ്രാർഥന സമർപ്പിച്ചിട്ടുണ്ട്. പുണ്യാളൻ ഒറിജിനൽ ആണോന്ന് എട്ടാം തീയതി അറിയാം.’
പോസ്റ്ററിനെ പിന്തുണച്ചും എതിർത്തും പോസ്റ്റിനു താഴെ ധാരാളം കമന്റുകളുമുണ്ട്. അതേസമയം, വിവാദ പോസ്റ്ററിനെതിരെ രൂക്ഷ വിമർശനവുമായി പ്രാദേശിക കോൺഗ്രസ് നേതൃത്വം രംഗത്തെത്തി.
‘‘ഇത് അങ്ങേയറ്റം തെറ്റായ നടപടിയാണ്. മരിച്ചുപോയ ഉമ്മൻ ചാണ്ടിയെപ്പോലും വേട്ടയാടുന്ന സമീപനമാണ് സിപിഎം സ്വീകരിച്ചത്. ഇതുപോലൊരു ദിവസം തന്നെ ഇത്തരമൊരു സൈബർ ആക്രമണത്തിനായി തിരഞ്ഞെടുത്തത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. അതോടൊപ്പം ഈ സഭയേയും പള്ളിയെയും അവഹേളിച്ചതും തെറ്റാണ്. ഇവിടുത്തെ പുണ്യാളൻമാരുടെ എണ്ണത്തെക്കുറിച്ച് തിരുമേനി തന്നെ
വിശദീകരിച്ചിട്ടുള്ളതാണ്. ഒൻപത് പുണ്യാളൻമാരുടെ നാമത്തിലാണ് ഈ പള്ളി.’ – പള്ളം ബ്ലോക്ക് പഞ്ചായത്തംഗവും കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമായ സിബി ജോൺ കൊല്ലാട് പ്രതികരിച്ചു.
‘‘സഭയേയും പള്ളിയേയും മാത്രമല്ല, ഈ ലോകത്തുള്ള എല്ലാ മലയാളികളെയും അപമാനിക്കുന്ന നിലപാടാണ് സിപിഎം കൈക്കൊണ്ടത്. നാളിതുവരെ ചെയ്യാത്ത ഇത്തരമൊരു നീക്കം ഇന്നു രാവിലെ ചെയ്തത് അങ്ങേയറ്റം തെറ്റായിപ്പോയി. ഇതിനോടുള്ള പ്രതികരണം എട്ടാം തീയതി അറിയാം. സിപിഎം ജനങ്ങളോടു മാപ്പു പറഞ്ഞേ തീരൂ. ഇതുമായി ബന്ധപ്പെട്ട് നിയമനടപടിയുടെ കാര്യം പാർട്ടി തലത്തിൽ ചർച്ച ചെയ്ത് തീരുമാനിക്കും.’ – ഉമ്മൻ ചാണ്ടിക്കൊപ്പം 18 വർഷം നിഴൽ പോലെ കൂടെ ഉണ്ടായിരുന്ന സിബി വ്യക്തമാക്കി.