‘ഞങ്ങള്‍ തെറ്റ് ചെയ്തിട്ടില്ല, സത്യം പുറത്ത് വരും’: കരൂർ ദുരന്തത്തിനുശേഷം വീഡിയോ സന്ദേശവുമായി വിജയ്

news image
Sep 30, 2025, 10:54 am GMT+0000 payyolionline.in

ചെന്നൈ: തമിഴക വെട്രി കഴകം റാലിയില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് നാല്‍പ്പത്തിയൊന്ന് പേര്‍ മരിച്ചതിനു പിന്നാലെ വീഡിയോ സന്ദേശവുമായി നടന്‍ വിജയ്. തന്റെ ഹൃദയം വേദന കൊണ്ട് പിടയുകയാണെന്നും തന്നോടുളള സ്‌നേഹം കൊണ്ടാണ് ജനങ്ങള്‍ റാലിക്കെത്തിയതെന്നും വിജയ് പറഞ്ഞു. ദുരന്തത്തില്‍ രാഷ്ട്രീയം കലര്‍ത്താനില്ലെന്നും സത്യം പുറത്തുവരുമെന്നും വികാരാധീനനായി വിജയ് പറഞ്ഞു. ഇത്രയും ആളുകള്‍ക്ക് ദുരിതം ബാധിക്കുമ്പോള്‍ എങ്ങനെയാണ് തനിക്ക് നാടുവിടാനാവുകയെന്നും ചില പ്രത്യേക സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് അവിടേക്ക് വരാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എക്‌സിലൂടെയായിരുന്നു വിജയ് വീഡിയോ സന്ദേശം പങ്കുവെച്ചത്.

‘നടക്കാൻ പാടില്ലാത്തതാണ് നടന്നത്. ഞാനും മനുഷ്യനാണ്. ഇത്രയും ആളുകൾക്ക് ദുരിതം ബാധിക്കുമ്പോൾ എങ്ങനെയാണ് എനിക്ക് നാടുവിട്ട് വരാനാവുക. ചില പ്രത്യേക സാഹചര്യങ്ങൾ ഒഴിവാക്കാൻ വേണ്ടിയാണ് അവിടേക്ക് വരാതിരുന്നത്. പരിക്ക് പറ്റിയവരെ എത്രയും വേഗം കാണും. വേദനയിൽ കൂടെ നിന്ന എല്ലാവർക്കും നന്ദി. നേതാക്കൾക്കും രാഷ്ട്രീയ പ്രവർത്തകർക്കും എല്ലാം നന്ദി. അഞ്ച് ജില്ലകളിൽ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. കരൂരിൽ മാത്രം എന്തുകൊണ്ട് ഇത് സംഭവിച്ചു?. പൊതുജനങ്ങൾക്ക് എല്ലാ സത്യവും മനസിലാകും. ജനങ്ങൾ എല്ലാം കണ്ടുകൊണ്ടിരിക്കുന്നുണ്ട്. ജനങ്ങൾ സത്യം വിളിച്ചു പറയുമ്പോൾ ദൈവം ഇറങ്ങി വന്ന് സത്യം വിളിച്ചു പറയുന്നതുപോലെ തോന്നി. തെറ്റൊന്നും ചെയ്തിട്ടില്ല. എന്നിട്ടും പാർട്ടി പ്രവർത്തകർക്കും സമൂഹമാധ്യമങ്ങളിൽ സംസാരിച്ചവർക്കുമെതിരെ കേസെടുത്തു കൊണ്ടിരിക്കുന്നു. എന്നെ എന്ത് വേണമെങ്കിലും ചെയ്തോളൂ. എന്റെ പ്രവർത്തകരെയും നേതാക്കളെയും ഒന്നും ചെയ്യരുത്’, വിജയ് പറഞ്ഞു.

രാഷ്ട്രീയ പ്രവർത്തനം ഇനിയും ശക്തമായി തന്നെ തുടരുമെന്നും പ്രവർത്തകരോട് വിജയ് വ്യക്തമാക്കി.
തന്റെ ജീവിതത്തിൽ ഇത്രയും വേദനാജനകമായ ഒന്നും അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല. മനസിൽ വേദന മാത്രമാണുള്ളത്. ജനങ്ങൾ തന്നെ കാണാൻ വരുന്നത് തന്നോടുള്ള സ്നേഹം കാരണമാണെന്നും വജയ് പറഞ്ഞു.

 

ശനിയാഴ്ച വൈകിട്ടായിരുന്നു രാജ്യത്തെ നടുക്കിയ അപകടമുണ്ടായത്. നിശ്ചയിച്ചതിലും ആറ് മണിക്കൂര്‍ വൈകി വൈകിട്ട് ഏഴ് മണിയോടെയായിരുന്നു വിജയ് പരിപാടിക്ക് എത്തിയത്. ഈ സമയമത്രയും ഭക്ഷണവും വെള്ളവുമില്ലാതെ ആളുകള്‍ കാത്തുനിന്നു. വിജയ് പ്രസംഗം ആരംഭിച്ച് അല്‍പസമയം കഴിഞ്ഞപ്പോള്‍ തന്നെ ആളുകള്‍ തളര്‍ന്നുതുടങ്ങി. സ്ഥലത്തുണ്ടായിരുന്ന പൊലീസും ടിവികെ പ്രവര്‍ത്തകരും അടക്കമുള്ളവര്‍ ആളുകളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആദ്യ ദിനം 38 പേരായിരുന്നു മരിച്ചത്. പത്ത് കുട്ടികള്‍, പതിനാറ് സ്ത്രീകള്‍, പന്ത്രണ്ട് പുരുഷന്മാര്‍ എന്നിങ്ങനെയായിരുന്നു മരണ സംഖ്യ. പിന്നീട് മൂന്ന് മരണം കൂടി സ്ഥിരീകരിച്ചു. നിലവില്‍ ഏഴ് പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇവരില്‍ രണ്ട് പേരെ വിദഗ്ധ ചികിത്സയ്ക്കായി മധുര മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ദുരന്തവുമായി ബന്ധപ്പെട്ട് പൊലീസ് തയ്യാറാക്കിയ എഫ്‌ഐആഫില്‍ വിജയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുണ്ടായിരുന്നു. കരൂരിലെ വേദിയിലേക്ക് എത്തുന്നത് വിജയ് മനഃപൂര്‍വം വൈകിച്ചെന്നും നിബന്ധനകള്‍ പാലിക്കാതെ സ്വീകരണ പരിപാടികള്‍ നടത്തിയെന്നും എഫ്‌ഐആറിലുണ്ട്. ഇത്രയേറെ ആളുകള്‍ തടിച്ചുകൂടിയിട്ടും റാലിയില്‍ ആവശ്യത്തിന് വെള്ളമോ മെഡിക്കല്‍ സൗകര്യങ്ങളോ ഉണ്ടായിരുന്നില്ലെന്നും പൊലീസുകാര്‍ ഉണ്ടായില്ലെന്നും എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍ ദുരന്തം സര്‍ക്കാര്‍ ഗൂഢാലോചനയുടെ ഫലമെന്നാണ് ടിവികെയുടെ ആരോപണം. ടിവികെയുടെ പൊതുസമ്മതി ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ടിവികെ പറയുന്നു. ടിവികെ തെരഞ്ഞെടുപ്പ് പ്രചാരണ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ആധവ് അര്‍ജുനയാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. കരൂരില്‍ സംഭവിച്ചതിന്റെ യാഥാര്‍ത്ഥ്യം പുറത്തുകൊണ്ടുവരാന്‍ കേന്ദ്ര ഏജന്‍സിയായ സിബിഐ അന്വേഷണം വേണമെന്നും ടിവികെ സത്യവാങ്മൂലത്തില്‍ പറയുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe