കോട്ടയം: ആർ.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരൻ വധത്തിന് പിന്നിലെ ഗൂഢാലോചന സി.ബി.ഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശനും കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനും ആവശ്യപ്പെട്ടു. കെ.പി.സി.സി സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്രയുടെ ഭാഗമായി വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.
ഗൂഢാലോചന അന്വേഷിച്ചാൽ എവിടെ പോയി നില്‍ക്കുമെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് വി.ഡി. സതീശൻ പറഞ്ഞു. കുഞ്ഞനന്തന്‍ ഭക്ഷ്യ വിഷബാധയേറ്റ് ജയിലില്‍ മരിച്ചതും അന്വേഷിക്കണം. ടി.പി. കൊലക്കേസിലെ പ്രതി കുഞ്ഞനന്തന്റെ മരണവുമായി ബന്ധപ്പെട്ട് ഗൗരവമായ ആരോപണമാണ് ലീഗ് നേതാവ് കെ.എം. ഷാജി ഉന്നയിച്ചത്. കുലംകുത്തിയെന്ന് ചന്ദ്രശേഖരനെ ആദ്യം ആക്ഷേപിച്ചത് മുഖ്യമന്ത്രിയാണ്. കുലംകുത്തിയായി പ്രഖ്യാപിച്ച് കൊലപ്പെടുത്തണമെന്ന തരത്തിലുള്ള പ്രഖ്യാപനങ്ങളും ഇവരുടെ ഫോണ്‍ സംഭാഷണങ്ങളും പരിശോധിച്ചാല്‍ ഉന്നതതല ഗൂഢാലോചന വ്യക്തമാകും.
ലാവ്‌ലിന്‍ കേസ് അന്തിമതീര്‍പ്പിനായി മേയ് ഒന്നിനു സുപ്രീംകോടതിയും കിഫ്ബി മസാല ബോണ്ട് ഇടപാട് ഈ മാസം 27നും 28നും ഇ.ഡിയും പരിഗണിക്കുന്ന സാഹചര്യത്തിലാണ് ലാവ്‌ലിന്‍ കേസിലെ സാക്ഷിയും കിഫ്ബി സി.ഇ.ഒയുമായ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം. എബ്രഹാമിന് കാബിനറ്റ് റാങ്ക് പദവി നൽകിയതെന്ന് കെ. സുധാകരൻ ആരോപിച്ചു. ചരിത്രത്തില്‍ ആദ്യമായി മുഖ്യമന്ത്രിയുടെ സ്റ്റാഫ് അംഗത്തിന് കാബിനറ്റ് പദവി നല്‍കുന്നത് നിര്‍ണായകമായ രണ്ടു കേസുകളില്‍ മുഖ്യമന്ത്രിക്ക് മനുഷ്യകവചം തീര്‍ക്കാനാണ്.
പിണറായി വിജയനെ കുത്തിന് പിടിച്ച് പുറത്താക്കണമെന്നും കേരളത്തിന് നാണക്കേടാണെന്നും പറഞ്ഞ കെ.എസ്. ഹംസയെയാണ് പൊന്നാനി ലോക്സഭ മണ്ഡലത്തിൽ സ്ഥാനാർഥിയാക്കിയത്. പിണറായിയെ അപമാനിച്ച ഹംസയെ ചുമക്കാന്‍ തയാറാണോയെന്ന് സി.പി.എം വ്യക്തമാക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.