കോഴിക്കോട്: ട്രെയിൻ യാത്രക്കിടെ ഉറങ്ങിപ്പോയാൽ ഇറങ്ങേണ്ട സ്ഥലം അറിയാതെ പോകുമോ എന്ന ആശങ്ക അനുഭവിക്കാത്ത ട്രെയിൻ യാത്രക്കാർ കുറവായിരിക്കും. പലരും എത്തേണ്ട സമയം നോക്കി ഫോണിൽ അലാം സെറ്റ് ചെയ്യലാണ് പതിവ്. എന്നാൽ, റെയിൽവേ തന്നെ അതിനൊരു പ്രതിവിധി ഒരുക്കിയിട്ടുണ്ട്. ഭൂരിഭാഗം ആളുകൾക്കും അതിനെ കുറിച്ച് അറിയില്ല എന്നതാണ് വസ്തുത.
യാത്രക്കാരെ ഇറങ്ങേണ്ട സ്റ്റേഷൻ എത്തുന്നതിന് അരമണിക്കൂർ മുമ്പ് വിളിച്ച് ഉണർത്തി അലേർട്ട് നൽകുന്ന റെയിൽവേയുടെ സംവിധാനത്തിന്റെ പേരാണ് ഡെസ്റ്റിനേഷൻ അലേർട്ട്. ദീർഘദൂര ട്രെയിനുകളിൽ റിസർവ് ചെയ്ത് യാത്ര ചെയ്യുന്നവർക്കാണ് ഈ സൗകര്യം ഉപയോഗിക്കാൻ സാധിക്കുക. രണ്ട് രീതിയിലാണ് ഡെസ്റ്റിനേഷൻ അലേർട്ട് ആക്റ്റിവേറ്റ് ചെയ്യാൻ സാധിക്കുക.
ഡെസ്റ്റിനേഷൻ അലേർട്ട് ആക്റ്റിവേറ്റ് ചെയ്യുന്ന രീതി
139 എന്ന റെയിൽവേയുടെ ടോൾ ഫ്രീ നമ്പറിൽ വിളിച്ച് മെനുവിൽ നിന്ന് ഡെസ്റ്റിനേഷൻ അലേർട്ട് തെരഞ്ഞെടുക്കുക. തുടർന്ന് ടിക്കറ്റിന്റെ പിഎൻആർ നമ്പർ നൽകി സ്ഥിരീകരിച്ചാൽ ഡെസ്റ്റിനേഷൻ അലേർട്ട് ആക്റ്റിവേറ്റ് ആവും.
രണ്ടാമത്തെ രീതി സന്ദേശമയച്ച് ആക്റ്റിവേറ്റ് ചെയ്യുന്നതാണ്. അലർട്ട്< പിഎൻആർ നമ്പർ> എന്ന് ടൈപ്പ് ചെയ്ത് 139 ലേക്ക് സന്ദേശമയച്ചാലും ഡെസ്റ്റിനേഷൻ അലേർട്ട് ആക്റ്റിവേറ്റ് ചെയ്യാവുന്നതാണ്.
