ട്രെയിൻ ദുരന്തം: ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ​ഹർജി

news image
Jun 4, 2023, 2:24 pm GMT+0000 payyolionline.in

ന്യൂഡല്‍ഹി: ഒഡീഷ ട്രെയിൻ ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹർജി. സുപ്രീംകോടതി അഭിഭാഷകനായ വിശാൽ തിവാരിയാണ് ഹർജി നൽകിയത്. വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. പൊതുജനങ്ങളുടെ സുരക്ഷ പരിഗണിച്ച്, ഓട്ടോമാറ്റിക് ട്രെയിന്‍ പ്രൊട്ടക്ഷന്‍ സംവിധാനമായ കവച് ഉടന്‍ നടപ്പാക്കാന്‍ റെയില്‍വേയ്ക്ക് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.  രണ്ട് മാസത്തിനകം അന്വേഷണം പൂർത്തിയാക്കി സുപ്രീംകോടതിക്ക് റിപ്പോർട്ട് സമർപ്പിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.

ട്രെയിൻ അപകടത്തിന് കാരണക്കാരായവരെ കണ്ടെത്തിയെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഇലക്ട്രോണിക് ഇന്റർലോക്കിങ്ങിലുണ്ടായ മാറ്റം മൂലമാണ് അപകടമുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. ബാലസോറിൽ അപകടം നടന്ന സ്ഥലം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe