കണ്ണൂർ: റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും നടത്തുന്ന സുരക്ഷാ പരിശോധനയായ ‘ഓപ്പറേഷൻ രക്ഷിത’യുടെ ഭാഗമായി കഴിഞ്ഞ ഏഴ് ദിവസത്തിനിടെ ജില്ലയിൽ 28 കേസുകൾ രെജിസ്റ്റർ ചെയ്തു. മദ്യപിച്ചു യാത്ര ചെയ്യാനെത്തിയ 60 പേരെ മടക്കി അയച്ചു. ഇവരിൽ നിന്നു പിഴ ഈടാക്കി. ജില്ലയിൽ കണ്ണൂർ, പയ്യന്നൂർ, തലശ്ശേരി റെയിൽവേ സ്റ്റേഷനു കളിലാണു പ്രധാനമായും പരിശോധന നടത്തുന്നത്. ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ് എന്നിവയുടെ നേതൃത്വത്തിൽ ദിവസവും പരിശോധനയും നടത്തുന്നുണ്ട്.
റെയിൽവേ പൊലീസ്, ലോക്കൽ പൊലീസ്,
ആർപിഎഫ് എന്നിവരുടെ നേതൃത്വത്തിലാണു പരിശോധന. യാത്രക്കാർക്കായി ബോധവൽക്കരണ ക്ലാസും നടത്തുന്നുണ്ട്. വനിതാ കംപാർട്മെൻ്റുകളിൽ വനിതാ പൊലീസിൻ്റെ നേതൃത്വത്തിലാണ് പരിശോധന, കേരള എക്സ്പ്രസിൽ നിന്നു യുവതിയെ ചവിട്ടി പുറത്തിട്ട സംഭവത്തെ തുടർന്നാണ് ‘ഓപ്പറേഷൻ രക്ഷിത’ എന്ന പേരിൽ റെയിൽവേ സ്റ്റേഷനുകളിൽ പരിശോധന തുടങ്ങിയത്. കണ്ണൂർ റെയിൽവേ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ സുനിൽ കുമാർ, ആർപിഎഫ് സിഐ വർഗീസ് എന്നിവരുടെ നേതൃത്വത്തിലാണു പരിശോധന.
ടിക്കറ്റ് കൗണ്ടർ, പ്ലാറ്റ്ഫോം, കംപാർട്മെന്റുകൾ എന്നിവിട ങ്ങളിലാണ് പരിശോധന
നടത്തുന്നത്. മദ്യത്തിൻ്റെ അളവു വരെ ബ്രെത്തലൈസർ മനസ്സിലാക്കി ബീപ് ശബ്ദം പുറപ്പെടുവിക്കും. ആവശ്യമെങ്കിൽ വൈദ്യപരി ശോധന നടത്തും. തുടർന്ന് എഫ്ഐആർ റജിസ്റ്റർ ചെയ്ത് കേസ് ഫയൽ കോടതിയിലേക്കു കൈമാറും. മദ്യപരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കും. മദ്യപിച്ച് പ്ലാറ്റ്ഫോമിൽ കറങ്ങുകയും ട്രെയിനിൽ യാത്ര ചെയ്യുകയും ചെയ്യുന്നതിനു പിടികൂടിയാൽ സ്റ്റേഷൻ ജാമ്യം ലഭിക്കുമെങ്കിലും എഫ്ഐആർ റജിസ്റ്റർ ചെയ്യും. കോടതിയിൽ നിന്നു സമൻസ് എത്തുമ്പോൾ ഹാജരാകണം. 1000 രൂപ പിഴ ചുമത്തും. കോടതി പിരിയുന്ന സമയം വരെ പുറത്തു നിർത്തുകയെന്നതാണു സാധാരണ നൽകുന്ന ശിക്ഷ.
