ട്വന്റി 20ക്ക് വോട്ടെടുപ്പിന് മുൻപ് തിരിച്ചടി. എറണാകുളത്ത് പൂതൃക്ക പഞ്ചായത്തിൽ ട്വന്റി – 20യെ പ്രതിസന്ധിയിലാക്കി പഞ്ചായത്ത് പ്രസിഡന്റ് പൂജ ജോമോൻ രാജിവെച്ചു. ട്വന്റി – 20യുടെ എൻഡിഎ പ്രവേശനത്തിൽ പ്രതിഷേധിച്ചാണ് രാജി. സാബു ജേക്കബ് ഭീഷണിപ്പെടുത്തിയെന്നും പൂജ ജോമോൻ ആരോപിച്ചു.
രാജിവെക്കുമെന്ന് നേരത്തെ സാബുവിനോട് പറഞ്ഞിരുന്നുവെന്ന് പൂജ പറഞ്ഞു. നേരത്തെ രാജിവച്ച ഒരു അംഗം വാഹനാപകടത്തിൽ മരിച്ചു എന്നും അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്നും സാബു എം ജേക്കബ് പറഞ്ഞു.
ട്വന്റി -20യുടെ നിലപാട് മതേതരത്വത്തിന് എതിരാണ്. അതിൽ അതൃപ്തിയുള്ളതിനാലാണ് രാജി – അവർ പറഞ്ഞു.
നറുക്കെടുപ്പിലൂടെയാണ് പൂതൃക്ക പഞ്ചായത്ത് ട്വന്റി 20 പിടിച്ചത്. നിലവിൽ ട്വന്റി -20 – 7 , യുഡിഎഫ് – 7 എന്നിങ്ങനെയാണ് കക്ഷിനില. പൂജ ജോമോൻ രാജിവെക്കുന്നതോടെ ട്വന്റി20 ക്ക് പൂതൃക്ക പഞ്ചായത്തിൽ ഭരണം നഷ്ടമായി.
