കായംകുളം: ഡി.വൈ.എഫ്.ഐ പ്രവർത്തകനെ നടുറോഡിൽ സഹോദരന്റെ മുന്നിലിട്ട് ക്വട്ടേഷൻ സംഘം വെട്ടിക്കൊന്നു. പുതുപ്പള്ളി ഗോവിന്ദമുട്ടം വേലശ്ശേരിതറയിൽ സന്തോഷിന്റെ മകൻ അമ്പാടിയാണ് (21) മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ആറോടെ കാപ്പിൽകിഴക്ക് മാവനാൽ കുറ്റി ജങ്ഷന് സമീപമാണ് സംഭവം.
ബൈക്കുകളിൽ എത്തിയ രണ്ടുസംഘം തമ്മിൽ റോഡിൽ ഏറ്റുമുട്ടുകയായിരുന്നു. സംഘർഷത്തിനിടെ വടിവാളിന് അമ്പാടിയുടെ കഴുത്തിൽ ആഴത്തിൽ വെട്ടേറ്റു. ഇതോടെ വെട്ടിയ സംഘം ബൈക്കിൽ കടന്നുകളഞ്ഞു. ആക്രമണം നടക്കുമ്പോൾ അമ്പാടിയുടെ സഹോദരൻ അർജുനനും ഒപ്പമുണ്ടായിരുന്നു. കൂടെ വന്നവർ പരിസരവാസികളുടെ സഹായത്തോടെ കായംകുളം ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ക്രിക്കറ്റ് ബാറ്റും സ്റ്റമ്പും വടിവാളും ഉപയോഗിച്ചുള്ള സംഘർഷത്തിന് ഒടുവിലാണ് അമ്പാടിക്ക് വെട്ടേൽക്കുന്നത്. ഇതിന് തൊട്ടുമുമ്പ് ഇരുസംഘവും കുറക്കാവ് ഭാഗത്തുവെച്ച് ഏറ്റുമുട്ടിയതായും സംശയമുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് പോക്സോ അടക്കം നിരവധി കേസുകളിൽ പ്രതിയായ ക്വട്ടേഷൻ സംഘാംഗം പൊലീസ് കസ്റ്റഡിയിലായതായി സൂചനയുണ്ട്. സംഭവം നടന്ന പ്രദേശവുമായി ബന്ധമില്ലാത്ത ഇരുസംഘത്തിന്റെ ഏറ്റുമുട്ടലിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം കായംകുളം ഗവ. ആശുപത്രി മോർച്ചറിയിൽ. ഡി.വൈ.എഫ്.ഐ ദേവികുളങ്ങര മേഖല കമ്മിറ്റി അംഗവും യൂനിറ്റ് സെക്രട്ടറിയായും അമ്പാടി പ്രവർത്തിച്ചിട്ടുണ്ട്. ശകുന്തളയാണ് മാതാവ്.