ഡിഎൻഎ ഫലം കാത്ത് അർജുന്‍റെ കുടുംബം; മൃതദേഹം കൈമാറുന്നത് വൈകിയേക്കും

news image
Sep 27, 2024, 7:51 am GMT+0000 payyolionline.in

ബം​ഗളുരു > കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്‍റെ മൃതദേഹത്തിന്റെ അവശേഷിപ്പുകൾ കുടുംബത്തിന് കൈമാറുന്നത് വൈകിയേക്കും. ഡിഎൻഎ താരതമ്യ പരിശോധനയ്ക്ക് ശേഷമാകും മൃതദേഹം ബന്ധുക്കൾക്ക് കൈമാറുന്നത്.   ഇന്ന് വൈകിട്ടോടെ  പൂർത്തിയാക്കി മൃതദേഹം കൈമാറാനാണ് ശ്രമിക്കുന്നതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

അർജുന്‍റെ സഹോദരൻ അഭിജിത്തിന്‍റെ ഡിഎൻഎ സാംപിൾ ശേഖരിച്ചിട്ടുണ്ട്.  അർജുന്‍റെ തുടയെല്ലും നെഞ്ചിന്‍റെ ഭാഗത്തുള്ള വാരിയെല്ലിന്‍റെ ഒരു ഭാഗവും പരിശോഝനയ്ക്ക് അയച്ചു. രണ്ട് ഡിഎൻഎയും ഒത്തുപോകുന്നുവെന്ന അറിയിപ്പ് ലഭിക്കുന്ന ഉടനെ മൃതദേഹത്തിന്‍റെ അവശേഷിപ്പുകൾ ബന്ധുക്കൾക്ക് വിട്ട് നൽകാനാണ് ജില്ലാ ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്.

മൃതദേഹംകൊണ്ടുപോകാൻ ജില്ലാ ഭരണകൂടം സജ്ജീകരിച്ച ആംബുലൻസിന്‍റെ എല്ലാ ചെലവും കേരള സർക്കാർ വഹിക്കാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. കർണാടക പൊലീസിന്‍റെ സുരക്ഷയോടെയാണ് മൃതദേഹം കോഴിക്കോട് കണ്ണാടിക്കലേക്ക് കൊണ്ടുവരിക.

സെപ്തംബർ 25ന് ​ഗം​ഗാവലിപുഴയിൽ നടത്തിയ തിരച്ചിലിലാണ് അര്‍ജുന്റെ ലോറിയും ലോറിയുടെ ക്യാബിനിൽ മൃതദേഹവും കണ്ടെത്തിയത്. ഉടമ മനാഫ് ലോറി തിരിച്ചറിഞ്ഞിരുന്നു. കനത്ത മഴയെ തുടര്‍ന്ന് ജൂലൈ 16ന് ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിലാണ് കോഴിക്കോട് സ്വദേശി അര്‍ജുനെ കാണാതാകുന്നത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe