സൗത്ത് ഇന്ത്യൻ ബാങ്കിൽ നിങ്ങൾ ആഗ്രഹിക്കുന്ന ജോലി നേടാൻ ഇതാ അവസരം. നിരവധി ഒഴിവുകളുമായി സൗത്ത് ഇന്ത്യൻ ബാങ്കിൽ ജൂനിയർ ഓഫീസർ (ഓപ്പറേഷൻസ്) തസ്തികയിലേക്കുള്ള നിയമനത്തിനായി വിജ്ഞാപനം പുറത്തിറക്കി. ഒക്ടോബർ 22 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. നിലവിൽ എത്ര ഒഴിവുകളുണ്ടെന്ന് ബാങ്ക് വ്യക്തമാക്കിയിട്ടില്ല.
ഏതെങ്കിലും സബ്‌ജെക്ടിൽ കുറഞ്ഞത് 50% മാർക്കോടെ ഡിഗ്രി പാസായവർക്ക് പോസ്റ്റിലേക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ ഒരു റെഗുലർ സ്ട്രീമിലൂടെ (10+2+ ബിരുദം) വിദ്യാഭ്യാസം നേടിയവരായിരിക്കണം. കൂടാതെ ഏതെങ്കിലും ഒരു ബാങ്ക്/എൻബിഎഫ്‌സി/ധനകാര്യ സ്ഥാപനത്തിൽ കുറഞ്ഞത് 1 വർഷത്തെ പരിചയം ഉണ്ടായിരിക്കണം. 28 വയസിനുള്ളിൽ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം. എസ്‌സി/എസ്ടി ഉദ്യോഗാർത്ഥികൾക്ക് 5 വർഷത്തെ ഇളവ് ലഭിക്കും.
ഓൺലൈൻ ടെസ്റ്റ്, ഗ്രൂപ്പ് ചർച്ചയും വ്യക്തിഗത അഭിമുഖവും എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലുള്ള നടപടി ക്രമങ്ങളിലൂടെയാണ് നിയമനം നടത്തുക.
വീട്ടിൽ നിന്ന് തന്നെ നിങ്ങൾക്ക് പങ്കെടുക്കാവുന്ന ഒരു ഓൺലൈൻ ടെസ്റ്റാണ് ആദ്യം നടക്കുക. നിങ്ങളുടെ വെബ്‌ക്യാം, മൈക്രോഫോൺ, സ്‌ക്രീൻ എന്നിവ ഉപയോഗിച്ച് നിങ്ങൾ ഈ പരീക്ഷയിൽ പങ്കെടുക്കാം.
ഓൺലൈൻ ടെസ്റ്റ് വിജയിക്കുന്ന ഉദ്യോഗാർത്ഥികളെ ഗ്രൂപ്പ് ചർച്ചയ്ക്കും വ്യക്തിഗത അഭിമുഖത്തിനും വിളിക്കും. ഗ്രൂപ്പ് ചർച്ച നിങ്ങളുടെ ആശയവിനിമയ കഴിവുകളും ടീം വർക്ക് കഴിവുകളും വിലയിരുത്തും. അതിന് ശേഷം വ്യക്തിഗത അഭിമുഖവും നടത്തും. അപേക്ഷകൾ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കുമായി https://www.southindianbank.com/ സന്ദർശിക്കാം.