വടകര : കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി കോടതി തള്ളി. വടകര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഹർജി തള്ളിയത്. ജിതിൻ ഭാസ്കർ ജാമ്യ വ്യവസ്ഥകൾ ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടി എസ്ഐടി നൽകിയ ഹർജിയാണ് തള്ളിയത്. പൊലീസ് കെട്ടിച്ചമച്ച കേസാണിതെന്ന് പ്രതിഭാഗം കോടതിയിൽ വാദിച്ചു. കേസിൽ ജാമ്യത്തിലിറങ്ങിയതിന് ശേഷം വ്യവസ്ഥകൾ ലംഘിച്ച് ജിതിൻ ഫേസ്ബുക്കിലൂടെ അന്വേഷണ സംഘത്തെ വെല്ലുവിളിച്ചെന്നും, നാട്ടിൽ ലഹള ഉണ്ടാക്കാൻ ശ്രമിച്ചെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം.
സ്ക്രീൻ ഷോട്ട് 10 പേർക്കെങ്കിലും അയച്ചത് തെളിയിക്കണം എന്നായിരുന്നു ജാമ്യത്തിൽ ഇറങ്ങിയ ജിതിന്റെ വെല്ലുവിളി. ഫേസ്ബുക്ക് പോസ്റ്റിയൂടെയായിരുന്നു വെല്ലുവിളി. ഇത് ജാമ്യ വ്യവസ്ഥയുടെ ലംഘനമാണെന്ന് കാട്ടിയാണ് എസ്ഐടി കോടതിയെ സമീപിച്ചത്. പാർട്ടി നേതൃത്വം പറഞ്ഞത് കൊണ്ടാണ് കൂടുതൽ പ്രതികരിക്കാത്തതെന്നും ജിതിൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് തന്റെ ബ്രോഡ്കാസ്റ്റ് ഗ്രൂപ്പിലൂടെയാണ് എൽഡിഎഫിന് വേണ്ടി പ്രചരണം നടത്തിയിരുന്നത്. ഇതിൽ കോൺഗ്രസുകാർ ഉൾപ്പടെ 250ഓളം പേരുണ്ട്. താൻ 200 പേർക്ക് പോസ്റ്റ് ഷെയർ ചെയ്തു എന്നാണല്ലോ പറയുന്നത്. എന്നാൽ താൻ 10 പേർക്കെങ്കിലും കാഫിർ സ്ക്രീൻഷോട്ട് അയച്ചതിന് തെളിവ് തരാനാകുമോ എന്നായിരുന്നു ജിതിൻ ഭാസ്കറിന്റെ വെല്ലുവിളി. ഇത് കാണിക്കാനായാൽ കാഫിർ സ്ക്രീൻഷോട്ടിന് പിന്നിൽ താനാണെന്ന് ഉറപ്പിച്ചോളൂ എന്നും ജിതിൻ ഫേസ് ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നു. കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമുള്ള ജിതിൻ ഭാസ്കറിന്റെ ആദ്യ പ്രതികരണമായിരുന്നു അത്.
വിഷയത്തിൽ ജിതിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പൊലീസിൽ പരാതി നൽകിയിരുന്നു. ജാമ്യത്തിലിറങ്ങിയ ജിതിന് സിപിഐഎം സ്വീകരണം നൽകിയ സംഭവത്തിലും ജിതിനെ ഒന്നാം പ്രതിയാക്കി വടകര പൊലീസ് രണ്ട് കേസുകൾ എടുത്തിരുന്നു. സർക്കാരിനെയും പൊലീസിനെയും വെല്ലുവിളിച്ച് നാട്ടിൽ ലഹള സൃഷ്ടിക്കാൻ ശ്രമം നടത്തിയെന്നായിരുന്നു വടകര പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ.
