ന്യൂഡൽഹി : അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിൽ ഡിസംബറിനകം പ്രതിഷ്ഠ ഉൾപ്പെടെ പൂർത്തിയാക്കി 2024 ജനുവരിയിൽ ഭക്തർക്ക് ദർശനം അനുവദിക്കുമെന്ന് ക്ഷേത്ര നിർമാണ സമിതി ചെയർമാൻ നൃപേന്ദ്ര മിശ്ര. ക്ഷേത്രത്തിന്റെ മൂന്നു ഘട്ടങ്ങളിലായുള്ള നിർമാണ പ്രവർത്തനങ്ങൾ മുൻ നിശ്ചയിച്ചപ്രകാരം പുരോഗമിക്കുകയാണ്.
3 ഘട്ടങ്ങളായുള്ള ക്ഷേത്ര നിർമാണത്തിന്റെ ആദ്യഘട്ടം ഏറെക്കുറെ പൂർത്തിയായി. ഡിസംബറോടെ നിർമാണം പൂർത്തിയാക്കി പ്രതിഷ്ഠ നടത്തി ജനുവരിയിൽ ഭക്തർക്ക് ദർശനം അനുവദിക്കാനാണ് നീക്കം. എട്ടര ഏക്കറിലാണ് മുഖ്യ ക്ഷേത്രം. വാൽമീകി, ശബരി തുടങ്ങി 7 പേർക്ക് അനുബന്ധ ക്ഷേത്രങ്ങളുമുണ്ട്. മ്യൂസിയം അടക്കം 75 ഏക്കറിലാണ് ക്ഷേത്ര സമുച്ചയം വിഭാവനം ചെയ്തിരിക്കുന്നത്. 1800 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
നിർമാണത്തിനാവശ്യമായ മാര്‍ബിൾ രാജസ്ഥാനിൽനിന്നും ഗ്രാനൈറ്റ് കർണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്നുമാണ് എത്തിച്ചിരിക്കുന്നത്. ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യവും പൗരാണിക പ്രൗഢിയും വിളിച്ചോതുന്ന തരത്തിലാണ് രൂപകൽപന. ഭൂകമ്പവും മറ്റു പ്രകൃതി ദുരന്തങ്ങളും അതിജീവിക്കാൻ ശേഷിയുള്ള തരത്തിലാണ് ക്ഷേത്രത്തിന്റെ നിർമാണം.