കോഴിക്കോട്: ബേപ്പൂർ മണ്ഡലത്തിൽ രാഷ്ട്രീയ വിശ്വാസ്യത ഒരു പ്രത്യേക തെരഞ്ഞെടുപ്പ് വിഷയമായി വരുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയും എൽഡിഎഫ് സ്ഥാനാർത്ഥിയുമായ പി എ മുഹമ്മദ് റിയാസ്. കക്ഷിരാഷ്ട്രീയ ഭേദമന്യേ, പരമ്പരാഗതമായി യുഡിഎഫിന് വോട്ട് ചെയ്യുന്നവർ പോലും ഇത്തവണ എൽഡിഎഫിന് ഒരു വോട്ട് ചെയ്യുമെന്ന് റിയാസ് പറഞ്ഞു.
കോൺഗ്രസ് ഉന്നയിക്കുന്ന സിപിഐഎം-ബിജെപി ഡീൽ ആരോപണം ബേപ്പൂരിൽ ബാധിക്കില്ലെന്ന് റിയാസ് പറഞ്ഞു. ‘ഡീൽ ആരോപണം ഒരിക്കലും ജനങ്ങളെ സ്വാധീനിക്കില്ല. നമ്മൾ ചവിട്ടുന്ന മണ്ണ് ബേപ്പൂരാണ്. 1991ലെ കോലീബി കണ്ട മണ്ണാണ്. അവിടുന്ന് ഇങ്ങോട്ടുള്ള ഡീൽ എടുത്ത് നോക്കിയാൽ മനസിലാകും. ഇപ്പോൾ നടക്കുന്ന ഡീൽ പ്രചരണത്തിനുള്ള മറുപടിയാണ് ബേപ്പൂർ’, റിയാസ് പറഞ്ഞു.
അധികാരത്തിൽ വരാൻ കോൺഗ്രസ് പാർട്ടി നേതൃത്വം ഏത് നിലപാടും സ്വീകരിക്കുമെന്നും മതനിരപേക്ഷതയുടെ കാര്യത്തിൽ വാചക കസർത്തല്ല നിലപാടാണ് വേണ്ടതെന്നും റിയാസ് കൂട്ടിച്ചേർത്തു. പൗരത്വ നിയമത്തിൽ ഒരു പരിചയാണ് നേറ്റിവിറ്റി കാർഡ്. അത് ഇന്ത്യയിൽ ആകെ ഇറക്കിയത് കേരളത്തിലെ ഇടതുപക്ഷ സർക്കാരാണ്. എന്താണ് കർണാടകയിലും തെലങ്കാനയിലും അത് ഇറക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. പൗരത്വ രജിസ്റ്റർ നടപ്പിലാക്കില്ലെന്ന് വിജ്ഞാപനം ഇറക്കിയ ഏക സംസ്ഥാനം കേരളമാണെന്നും റിയാസ് കൂട്ടിച്ചേർത്തു.
കായംകുളം എൽഡിഎഫ് സ്ഥാനാർത്ഥി യു പ്രതിഭയ്ക്കെതിരായ വ്യക്തി അധിക്ഷേപത്തിലും റിയാസ് പ്രതികരിച്ചു. ഒരു സ്ഥാനാർത്ഥിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതി മലയാളി സ്വീകരിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയനെ ഏതൊക്കെ രീതിയിൽ വ്യക്തിഹത്യ നടത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതൊക്കെ ജനങ്ങൾ മനസിലാക്കുമെന്നും സ്ഥാനാർത്ഥികളെ അപമാനിക്കുന്നത് ജനങ്ങൾ അംഗീകരിക്കില്ലെന്നും റിയാസ് പറഞ്ഞു.
മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് ജി സുധാകരനെ പോലുള്ള നേതാവ് പാർട്ടി വിട്ടത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരിനെ പോലുള്ള ആളുകൾ ഉന്നയിക്കുന്ന ആക്ഷേപങ്ങൾ ജനങ്ങൾ എങ്ങനെ കാണുന്നുവെന്നതിന്റെ ഉത്തരം വോട്ടെണ്ണുമ്പോൾ മനസിലാകും. കേരളത്തിൽ പത്ത് കൊല്ലം എൽഡിഎഫ് ഭരിച്ചത് കൊണ്ടാണ് വർഗീയ കലാപമില്ലാത്തതെന്നും ഇന്ത്യൻ മതനിരപേക്ഷതയുടെ തലസ്ഥാനമാണ് കേരളമെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.
