‘ഡേയ് പിടിച്ചുമാറ്റരുത്, അടി പൊട്ടണം’; ഇമ്മാനുവൽ കോളജിലെ സംഘര്‍ഷത്തില്‍ 18കാരന്‍ അറസ്റ്റില്‍

news image
Mar 2, 2025, 8:21 am GMT+0000 payyolionline.in

ഒരു വിദ്യാര്‍ഥിയെ പരസ്യമായി അടിച്ചും തൊഴിച്ചും അവശനാക്കവേ, മറ്റൊരു വിദ്യാര്‍ഥി പിടിച്ചു മാറ്റാനായി ചെല്ലുന്നു. അപ്പോള്‍ ചുറ്റും നിന്ന് കണ്ട് രസിക്കുന്ന മറ്റ് വിദ്യാര്‍ഥികള്‍ പറയുന്ന ഡയലോഗ് എന്താണെന്നറിയുമോ?. ഡേയ് പിടിച്ചു മാറ്റരുത്, അടി പൊട്ടണം എന്ന്. വെള്ളറട വാഴിച്ചൽ ഇമ്മാനുവൽ കോളജില്‍ നടന്ന സംഘര്‍ഷത്തിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷത്തിൽ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒന്നാം വർഷ ബി.കോം വിദ്യാർത്ഥി എസ്.ആർ. ആഷിദിനാണ് (19) ക്രൂര മർദ്ദനമേറ്റത്. സംഭവത്തിൽ ഒന്നാം പ്രതി മലയിൻകീഴ് പെരുകാവ് ഈഴക്കോട് കോഴിക്കാലവിള ജിതിൻ ഭവനിൽ ജിതിനെയാണ് (18) ആര്യങ്കോട് പൊലീസ് അറസ്റ്റുചെയ്തത്.

ആഷിദിനെ മാരകമായി മർദ്ദിച്ച മൂന്നുപേർക്കെതിരെയും ആര്യങ്കോട് പൊലീസ് കേസെടുത്തു. ആഷിദ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് കോളേജ് അധികൃതർ ആറ് വിദ്യാർത്ഥികളെ സസ്‌പെൻഡു ചെയ്തു. മറ്റു രണ്ടുപേർക്കെതിരെ കേസെടുത്തു.

ജിതിൽ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾ ഒരാഴ്ച മുമ്പ് ക്ലാസ്‌മുറിക്ക് മുന്നിൽ വെച്ച് അടിയുണ്ടാക്കിയിരുന്നു. ഇത് ആഷിദ് പിടിച്ചുമാറ്റിയതിലുള്ള വൈരാഗ്യമാണ് ഇപ്പോഴത്തെ ആക്രമണത്തിൽ കലാശിച്ചത്.

27ന് ഉച്ചയ്ക്ക് കോളജ് ഗേറ്റിനു അടുത്തു വച്ച് ജിതിനും മറ്റൊരു വിദ്യാർത്ഥി ആഷിക്കും ചേർന്ന് ആഷിദിനെ മർദ്ദിക്കുകയായിരുന്നു. ഇതിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe