കൊൽക്കത്ത: ആർ.ജി.കാര് മെഡിക്കൽ കോളജിലെ പിജി ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി. ചീഫ് ജസ്റ്റിന്റെ ബെഞ്ച് ചൊവ്വാഴ്ച കേസ് പരിഗണിക്കും. ഓഗസ്റ്റ് 9നാണ് പിജി വിദ്യാർഥിനി കൊല്ലപ്പെട്ടത്. കൊൽക്കത്ത ഹൈക്കോടതിയുടെ നിർദേശപ്രകാരം സിബിഐയാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തിൽ സഞ്ജയ് റോയ് എന്നയാൾ പൊലീസ് പിടിയിലായിരുന്നു.
വിദ്യാർഥിനിയുടെ കുടുംബത്തിന് നീതി ലഭിക്കണം എന്നാവശ്യപ്പെട്ട് സാൾട്ട് ലേക്ക് സ്റ്റേഡിയത്തിനു മുന്നിൽ ഫുട്ബോൾ ആരാധകർ പ്രതിഷേധിച്ചു. സ്റ്റേഡിയത്തിനു മുന്നിൽ പ്രതിഷേധം അനുവദിക്കില്ലെന്ന് പൊലീസ് പറഞ്ഞു. സംഘർഷസാധ്യത കണക്കിലെടുത്ത് ഇന്നത്തെ മത്സരങ്ങൾ റദ്ദാക്കി. പിജി വിദ്യാർഥിനി ബലാത്സംഗത്തിന് ഇരയായ എമർജൻസി വാർഡ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൽ സിബിഐ സിഡി ലേസർ മാപ്പിങ് നടത്തി. ആർ.ജി.കാർ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ ഡോ.സന്ദീപ് ഘോഷിനെ സിബിഐ ഇന്നും ചോദ്യം ചെയ്തു. അറസ്റ്റിലായ പ്രതി സഞ്ജയ് റോയിയെ അറിയില്ലെന്നു ഘോഷ് മൊഴിനൽകി.
പിജി ഡോക്ടറുടെ മൃതദേഹത്തിൽ 150 മില്ലിഗ്രാം ശുക്ലം കണ്ടെത്തിയിട്ടുണ്ടെന്ന റിപ്പോർട്ടുകൾ തെറ്റാണെന്നു കൊൽക്കത്ത സിറ്റി പൊലീസ് കമ്മിഷണർ വിനീത് ഗോയൽ പറഞ്ഞു. യുവതിയുടെ കൂടെ രാത്രി ഭക്ഷണം കഴിക്കാനുണ്ടായിരുന്ന ജൂനിയർ ഡോക്ടർമാരിലൊരാൾ ബംഗാളിലെ പ്രമുഖ നേതാവിന്റെ മകനാണെന്ന പ്രചാരണവും അദ്ദേഹം തള്ളി. ബംഗാളിൽ 43 ഡോക്ടർമാരെ സ്ഥലംമാറ്റിയ നടപടി വിവാദമായി. പ്രതിഷേധ പരിപാടികളിൽ പങ്കെടുത്തതിനാലാണ് സ്ഥലംമാറ്റമെന്നു യുണൈറ്റഡ് ഡോക്ടേഴ്സ് ഫ്രണ്ട് അസോസിയേഷൻ ആരോപിച്ചു.