ഡ്രൈവറുടെ അടുത്തിരുന്ന് വിഡിയോ എടു​ക്കേണ്ട;ഓടുന്ന വാഹനങ്ങളിൽ വിഡിയോ ചിത്രീകരണം വിലക്കി ഹൈകോടതി

news image
Nov 22, 2025, 6:24 am GMT+0000 payyolionline.in

ഓടുന്ന ബസുകളുടെയും ലോറികളുടെയും ഡ്രൈവറുടെ ക്യാബിനിൽ കയറി വിഡിയോ ചിത്രീകരിക്കുന്നത് തടയണമെന്ന് ഹൈകോടതി. കോൺട്രാക്ട് കാരിയേജുകളുടെയും ഹെവി ഗുഡ്സ് വാഹനങ്ങളുടെയും ഡ്രൈവർ കമ്പാർട്ടുമെന്റിനുള്ളിൽ വെച്ച് വ്ലോഗ് ചെയ്യുന്നത് തടയാൻ നടപടികൾ സ്വീകരിക്കണമെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണറോടും സംസ്ഥാന പൊലീസ് മേധാവിയോടുമാണ് കേരള ഹൈകോടതി ആവശ്യപ്പെട്ടത്. വ്ലോഗർമാർ ഡ്രൈവർമാരുടെ ശ്രദ്ധ നഷ്ടപ്പെടുന്നതിനും റോഡപകടങ്ങൾക്കും കാരണമാകുമെന്ന് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് മുരളീ കൃഷ്ണ എസ് എന്നിവർ ചൂണ്ടിക്കാട്ടി. ഉടമകളോ വ്ലോഗർമാരോ യൂട്യൂബ് പോലുള്ള ഓൺലൈൻ വിഡിയോ പ്ലാറ്റ്‌ഫോമുകളിൽ അപ്‌ലോഡ് ചെയ്ത ഇത്തരം വിഡിയോകൾ ശേഖരിക്കാൻ മോട്ടോർ വാഹന വകുപ്പിലെ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരോട് കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു.

 

 

ചരക്ക് ലോറികളിൽ പോലും വ്ലോഗർമാർ ഡ്രൈവറുടെ ക്യാബിനിനുള്ളിൽ വിഡിയോ ചിത്രീകരിക്കുന്നുണ്ട്. അടുത്തിടെ, വിഡിയോ എടുക്കുന്നതിനിടെ വാഹനം അപകടത്തിൽപ്പെട്ടതും കോടതി ചൂണ്ടിക്കാട്ടി. ഡി.ജെ ലൈറ്റുകൾ, ലേസർ ലൈറ്റുകൾ, പാസഞ്ചർ കമ്പാർട്ടുമെന്റിനുള്ളിലെ മൾട്ടി-കളർ എൽഇഡി ലൈറ്റുകൾ, ഹൈ-പവർ മ്യൂസിക് സിസ്റ്റങ്ങൾ എന്നിവയുടെ ദുരുപയോഗം സംബന്ധിച്ച കോടതി പുറപ്പെടുവിച്ച വിവിധ ഉത്തരവുകൾ പരസ്യമായി ലംഘിക്കുന്നുണ്ട്. ഇൻവെർട്ടറും ഒന്നിലധികം ബാറ്ററികളും കോൺട്രാക്ട് കാരിയേജുകളുടെ ലഗേജ് കമ്പാർട്ടുമെന്റിനുള്ളിൽ സ്ഥാപിക്കുന്നത് യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും കോടതി പറഞ്ഞു. സുരക്ഷാ മാനദണ്ഡങ്ങളും ബസ് ബോഡി കോഡും ലംഘിക്കുന്നത് യാത്രക്കാരുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും സുരക്ഷക്ക് ഭീഷണിയാകും. ഇത്തരം കോൺട്രാക്ട് കാരിയേജുകൾ, സ്റ്റേജ് കാരിയേജുകൾ, മറ്റ് മോട്ടോർ വാഹനങ്ങൾ എന്നിവയ്‌ക്കെതിരെ പിഴ ചുമത്താൻ നടപടിയെടുക്കണം. ഇത്തരം വാഹനങ്ങളുടെ വ്യാപകമായ ഉപയോഗം യൂട്യൂബിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പോസ്റ്റ് ചെയ്ത പ്രമോഷണൽ വിഡിയോകളിൽ നിന്ന് വ്യക്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe