ഡല്‍ഹി: രാജ്യത്ത് വര്‍ധിച്ചുവരുന്ന റോഡപകടങ്ങളും ഗതാഗത നിയമലംഘനങ്ങളും കുറയ്ക്കാന്‍ പുതിയ പദ്ധതി നടപ്പിലാക്കാനൊരുങ്ങി കേന്ദ്ര ഗതാഗത മന്ത്രാലയം. ഡ്രൈവിംഗ് ലൈസന്‍സുകള്‍ക്ക് മെറിറ്റ് ആന്‍ഡ് ഡീമെറിറ്റ് സംവിധാനം ഉള്‍പ്പെടുത്താനാണ് തീരുമാനം. ഇതോടെ ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് ലൈസന്‍സുകളില്‍ നെഗറ്റീവ് പോയിന്റ് ലഭിക്കും.
യുകെ, ജര്‍മ്മനി, ഓസ്ട്രേലിയ തുടങ്ങിയ വിദേശരാജ്യങ്ങളില്‍ ഈ സംവിധാനം നിലവിലുണ്ട്. അതില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇന്ത്യയിലും ഇത്തരമൊരു പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. ലൈസന്‍സില്‍ നെഗറ്റീവ് പോയിന്റ് സംവിധാനം നടപ്പാക്കുന്നതിനൊപ്പം നിലവിലുളള പിഴ വര്‍ധിപ്പിക്കുകയും ചെയ്യും. രണ്ടുമാസത്തിനുളളില്‍ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം.
പുതിയ നിയമം അനുസരിച്ച് അമിതവേഗത, ചുവന്ന സിഗ്നല്‍ മറികടക്കല്‍, അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കല്‍ തുടങ്ങിയ ഗുരുതരമായ ഗതാഗത നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്ക് ലൈസന്‍സില്‍ നെഗറ്റീവ് പോയിന്റുകള്‍ ലഭിക്കും. ഈ നെഗറ്റീവ് പോയിന്റുകള്‍ കൂടുതലായാല്‍ പിഴ ചുമത്തുകയും ചിലപ്പോള്‍ ലൈസന്‍സ് വരെ റദ്ദാക്കുകയും ചെയ്തേക്കും. ഗതാഗത നിയമം ലംഘിക്കുന്നവര്‍ക്ക് ലൈസന്‍സ് പുതുക്കാന്‍ നേരം വീണ്ടും നിര്‍ബന്ധിത ഡ്രൈവിംഗ് ടെസ്റ്റും നടത്തേണ്ടിവരും. ഈ പദ്ധതി വിജയകരമായി നടപ്പിലാക്കാനായാല്‍ റോഡ് സുരക്ഷ മെച്ചപ്പെടുമെന്നാണ് ഗതാഗത മന്ത്രാലയം പ്രതീക്ഷിക്കുന്നത്.