ഡ്രൈവിങ് സ്കൂൾ വാഹനങ്ങളെ ഇനി വാഹനത്തിനുമുന്നിൽ ഒട്ടിച്ച ബോണറ്റ് നമ്പർ നോക്കി തിരിച്ചറിയാം. കേവലം നമ്പറിനപ്പുറം സ്കൂളിന്റെ പേര്, സ്കൂളിന്റെ വാഹന നമ്പർ ക്രമം, വാഹനത്തിന്റെ കാലാവധി തുടങ്ങിയ കാര്യങ്ങൾ ഒറ്റനോട്ടത്തിൽ ബോണറ്റിലെ മഞ്ഞ സ്റ്റിക്കർ നോക്കി തിരിച്ചറിയാം. അനധികൃതമായി വാഹനത്തിൽ രൂപമാറ്റംവരുത്തി ഡ്രൈവിങ് പരിശീലനം നടത്തുന്നത് തടയുന്നതിനും പെട്ടെന്നുതന്നെ സ്കൂളിന്റെ വിവരങ്ങൾ കണ്ടെത്താനും സ്റ്റിക്കർ ഉപകരിക്കും.
ട്രാൻസ്പോർട്ട് കമ്മിഷണറുടെ ഉത്തരവ് പ്രകാരമാണ് ഡ്രൈവിങ് സ്കൂളുകൾ പരിശീലനത്തിന് ഉപയോഗിക്കുന്ന വാഹനങ്ങൾക്കെല്ലാം ബോണറ്റ് നമ്പർ ഏർപ്പെടുത്തുന്നത്. കാഞ്ഞങ്ങാട് സബ് ആർടി ഓഫീസ് പരിധിയിലുള്ള വാഹനങ്ങൾക്കുള്ള ബോണറ്റ് നമ്പർ വിതരണം ഗുരുവനത്ത് നടന്നു. ആർടിഒ ജി.എസ്. സജി പ്രസാദ് ഉദ്ഘാടനംചെയ്തു. ജോയിന്റ് ആർടിഒ സി.എസ്. സന്തോഷ് കുമാർ, എംവിഐ മാരായ എം. വിജയൻ, കെ.വി. ജയൻ, എഎംവിഐ മാരായ വി.ജെ. സാജു, പ്രവീൺ കുമാർ എന്നിവർ പങ്കെടുത്തു.