കോഴിക്കോട്: പ്രായപൂർത്തിയാകാത്ത ഡൗൺസിൻഡ്രോം ബാധിച്ച വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. കൊമ്മേരി കാട്ടികുളങ്ങര വീട്ടിൽ ഹരിദാസനെയാണ് (64) നടക്കാവ് പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. മൂന്നുവർഷത്തോളമായി 15 വയസ്സുള്ള വിദ്യാർഥിനിക്കെതിരേ പ്രതി ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സ്കൂളിലേക്ക് വിദ്യാർഥിനിയെ കൊണ്ടുപോവുകയും തിരിച്ചെത്തിക്കുകയും ചെയ്യുന്നതിനിടെ ഓട്ടോയിൽവെച്ചാണ് അതിക്രമം നടത്തിയിരുന്നത്. മറ്റുവിദ്യാർഥികൾ ഓട്ടോയിലില്ലാത്തപ്പോഴായിരുന്നു അതിക്രമം.
ഓട്ടോയിൽ വരാറുള്ള മറ്റൊരു വിദ്യാർഥിയുടെ രക്ഷിതാവ് കഴിഞ്ഞ ദിവസം ഡ്രൈവറെ വിളിച്ചപ്പോഴാണ് പീഡനവിവരം അറിയുന്നത്. ഫോൺ വിളിച്ച സമയം ഡ്രൈവർ അറിയാതെ കാൾ ആയി. ഇതോടെ ഡ്രൈവർ വിദ്യാർഥിയോട് ലൈംഗിക ചുവയോടെ സംസാരിക്കുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഈ വിഷയം സ്കൂളിൽ അറിയിക്കുകയും സ്കൂൾ അധികൃതർ രക്ഷിതാക്കളെ ബന്ധപ്പെടുകയും ചെയ്തു.
പെൺകുട്ടിയുമായി സംസാരിച്ചതോടെയാണ് പീഡനവിവരം അറിയുന്നതെന്നും തുടർന്ന് പരാതി നൽകുകയായിരുന്നുവെന്നും നടക്കാവ് പൊലീസ് പറഞ്ഞു. ഡ്രൈവറുടെ മൊബൈൽ ഫോണിൽനിന്ന് പോൺ വിഡിയോ കണ്ടെത്തിയിട്ടുണ്ട്. ഇൻസ്പെക്ടർ എൻ. പ്രജീഷിന്റെ നിർദേശപ്രകാരം എസ്.ഐമാരായ ലീല, ജാക്സൺ ജോയ്, എസ്.സി.പി.ഒ രാഹുൽ, സി.പി.ഒ സുബൈർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.