ന്യൂഡൽഹി: ജോലി ചെയ്തിരുന്ന വീട്ടിൽനിന്ന് വയോധികയുടെ സ്വർണാഭരണങ്ങൾ കവർന്ന് മുങ്ങിയ യുവാവിനെ പിടികൂടി. 29കാരനായ സഞ്ജീവ് ആണ് പിടിയിലായത്. ജോലി ചെയ്തിരുന്ന വീട്ടിൽനിന്ന് 60കാരിയുടെ 12 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണമാണ് ഇയാൾ മോഷ്ടിച്ചത്.
ഡൽഹിയിൽ ഉത്തം നഗറിലെ ദാൽ മിൽ റോഡിൽ ജൂലൈ 11നായിരുന്നു മോഷണം . സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സംശയമുന സഞ്ജീവിലേക്ക് നീണ്ടത്. ഇതോടെ ഇയാളുടെ ഫോൺ ലൊക്കേഷനടക്കം പൊലീസ് നിരീക്ഷിക്കാൻ ആരംഭിച്ചു.
കവർച്ചക്ക് പിന്നാലെ 20,000 രൂപക്ക് രണ്ട് സ്വർണമോതിരം മാത്രം വിറ്റ് ഒറ്റയ്ക്ക് യാത്ര ആരംഭിക്കുകയായിരുന്നു. മൂന്ന് വർഷമായി ഈ വീട്ടിൽ ജോലി ചെയ്യുന്നയാളാണ് സഞ്ജീവ്. സ്വർണം വിറ്റ പണവുമായി സോളോ ട്രിപ്പാണ് ഇയാൾ നടത്തിയതെന്ന് പൊലീസ് പറയുന്നു.
വിവിധ നഗരങ്ങളും ഹിൽ സ്റ്റേഷനുകളിലും ഇയാൾ സഞ്ചരിച്ചു. ട്രിപ്പിന്റെ വീഡിയോകളെല്ലാം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ അപ്ലോഡ് ചെയ്യുകയും ചെയ്തു. ഒരാഴ്ചക്കിടെ ആറോളം സ്ഥലങ്ങളിൽ ഇയാൾ എത്തിയതായി പൊലീസ് മനസ്സിലാക്കി.
ഹരിദ്വാർ, ഋഷികേശ് തുടങ്ങിയ സ്ഥലങ്ങളിലെത്തിയ ഇയാൾ കേരളത്തിലടക്കം വന്ന് പോയി. ഇൻസ്റ്റ ഫോളോവേഴ്സിനെ ആകർഷിക്കാനുള്ള ഈ ശ്രമം ഒടുവിൽ യുവാവിന് തന്നെ പാരയാകുകയായിരുന്നു. കേരളത്തിൽനിന്ന് ഇയാൾ പോയത് ആഗ്രയിലേക്കായിരുന്നു. ആഗ്രയിലെത്തിയതും ദൃശ്യങ്ങൾ റീലാക്കി ഇൻസ്റ്റയിലിട്ടതോടെ പൊലീസ് നഗരത്തിലെ ഹോട്ടലുകളെല്ലാം അരിച്ചുപെറുക്കാൻ ആരംഭിച്ചു. ഒടുവിൽ ഒരു ഹോട്ടലിൽനിന്നും യുവാവ് പിടിയിലാകുകയായിരുന്നു.