തകർത്ത് പെയ്ത് മഴ, വയനാട് അടക്കം 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, മുണ്ടക്കൈയിലും ചൂരൽമലയിലും കനത്ത മഴ തുടരുന്നു

news image
Aug 1, 2024, 11:34 am GMT+0000 payyolionline.in

തിരുവനന്തപുരം : കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 4 ജില്ലകളിൽ ഇന്ന് കാലാവസ്ഥാ വിഭാഗം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്,കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മലപ്പുറം പാലക്കാട് തൃശ്ശൂർ ഇടുക്കി എറണാകുളം, കോട്ടയം പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരത്തും കൊല്ലത്തും മലപ്പുറത്തും അലർട്ടുകളില്ല.

 അടുത്ത മൂന്ന് മണിക്കൂറിലെ മഴ സാധ്യത

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും; പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂർ  ജില്ലകളിൽ ഒറ്റപെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും; തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.

മുണ്ടക്കൈയിലും ചൂരൽമലയിലും കനത്ത മഴ

വയനാട്ടിൽ ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങളായ മുണ്ടക്കൈയിലും ചൂരൽമലയിലും കനത്ത മഴ തുടരുകയാണ്. ഇതേ തുടർന്ന് രക്ഷാ പ്രവർത്തകരെ തിരിച്ചിറക്കി തുടങ്ങി. ഇതുവരെ  281 മരണങ്ങളാണ് സ്ഥിരീകരിച്ചത്. മൂന്ന് ദിവസങ്ങളിലായി നടത്തിയ രക്ഷപ്രവർത്തനങ്ങളിൽ ജീവനോടെയുള്ള എല്ലാവരെയും രക്ഷപ്പെടുത്താൻ കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽചേർന്ന ഉദ്യോഗസ്ഥതല യോഗം വിലയിരുത്തി.

ദുരന്ത ഭൂമിയില്‍ നിന്ന് 29 കുട്ടികളെയാണ് കാണാതായത്. ഉരുൾപൊട്ടലിനെ തുടർന്ന് മുണ്ടക്കൈ, വെള്ളാർമല പ്രദേശത്തെ രണ്ട് സ്കൂളുകളിൽ നിന്നും മേപ്പാടി ഭാഗത്തെ രണ്ട് സ്കൂളുകളിൽ നിന്നുമായി ആകെ 29 വിദ്യാർത്ഥികളെ കാണാതായതായി ഡിഡിഇ ശശീന്ദ്രവ്യാസ് വി എ ഉദ്യോഗസ്ഥതല യോഗത്തില്‍ അറിയിച്ചു. രണ്ട് സ്കൂളുകളാണ് ഉരുൾപൊട്ടിയ ഭാഗങ്ങളിലുള്ളത്. ഇതിൽ വെള്ളാർമല സ്കൂളിൽ നിന്ന് 11 കുട്ടികളെ ആണ് കാണാതായത്. കാണാതായ 29 കുട്ടികളിൽ നാല് പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു.

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഓഗസ്റ്റ് 2) അവധി

തൃശൂര്‍ ജില്ലയില്‍ മഴയും കാറ്റും വെള്ളക്കെട്ടും മഴ മുന്നറിയിപ്പ് തുടരുന്നതിനാലും സ്‌കൂളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്നതിനാലും ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നാളെ (ഓഗസ്റ്റ് 2) ജില്ലയിലെ അംഗണവാടികള്‍, നഴ്സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളജുകള്‍, ട്യൂഷന്‍ സെന്ററുകള്‍, വിദ്യാര്‍ഥികള്‍ താമസിച്ചു പഠിക്കുന്ന റസിഡന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe