തത്കാല്‍ ടിക്കറ്റ് ബുക്കിംഗില്‍ ഏപ്രില്‍ 15 മുതല്‍ മാറ്റമോ? റെയില്‍വേയുടെ വിശദീകരണം ഇങ്ങനെ

news image
Apr 12, 2025, 5:06 pm GMT+0000 payyolionline.in

തത്കാല്‍ ടിക്കറ്റ് ബുക്കിംഗില്‍ ഏപ്രില്‍ 15 മുതല്‍ മാറ്റം വരുത്തിയോ? വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ് സേവനം കാര്യക്ഷമമാക്കാനും ദുരുപയോഗം തടയാനും ലക്ഷ്യമിട്ട് ഇന്ത്യന്‍ റെയില്‍വേ തത്കാല്‍ ബുക്കിംഗ് സംവിധാനത്തില്‍ ഏപ്രില്‍ 15 മുതല്‍ മുതല്‍ മാറ്റം വരുത്തുന്നതായി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരണമുണ്ട്. ബുക്കിംഗ് സമയത്തില്‍ മുതല്‍ ഏജന്റുമാര്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തുന്നതുവരെയുള്ള മാറ്റങ്ങളാണ് നടപ്പാക്കുന്നതെന്നായിരുന്നു വാര്‍ത്തകള്‍.

ടിക്കറ്റ് ബുക്കിംഗ് ഷെഡ്യൂളില്‍ യാതൊരു മാറ്റങ്ങളും വരുത്തിയിട്ടില്ലെന്നും അത്തരം നിര്‍ദേശങ്ങളൊന്നുമുണ്ടായില്ലെന്നും റെയില്‍വേ വ്യക്തമാക്കി. സാമൂഹ്യമാധ്യമങ്ങളില്‍ വരുന്ന ഇത്തരം വ്യാജവാര്‍ത്തകളില്‍ വഞ്ചിതരാകരുതെന്നും റെയില്‍വേയുടെ ഔദ്യോഗിക അറിയിപ്പുകള്‍ മാത്രം പിന്തുടരാനും യാത്രക്കാര്‍ക്ക് മുന്നറിയിപ്പും നല്‍കി. പ്രീമിയം തത്കാല്‍, തത്കാല്‍ ബുക്കിംഗ് സമയക്രം നിലവിലേതു പോലെ തന്നെ തുടരുമെന്നും റെയില്‍വേ അറിയിച്ചു.

ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്ത് വെയിറ്റിംഗ് ലിസ്റ്റില്‍ ആകുകയും പിന്നീടത് കണ്‍ഫേം ആകാതെയും വരുന്നവര്‍ക്ക് മുന്നിലുള്ള ഏകമാര്‍ഗമാണ് തല്‍ക്കാല്‍. ട്രെയിന്‍ യാത്രയ്ക്ക് തൊട്ടു മുമ്പുള്ള ദിവസം മാത്രമാണ് ടിക്കറ്റ് ലഭിക്കുകയെന്നതിനാലും സീറ്റ് വളരെ കുറവാണെന്നതിനാലും ഏറ്റവുമാദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമേ ടിക്കറ്റ് കിട്ടു.

നിലവിലെ സമയക്രമം ഇങ്ങനെ

ഇന്ത്യന്‍ റെയില്‍വേയുടെ നിയമപ്രകാരം യാത്രയ്ക്ക് ഒരു ദിവസം മുന്‍പാണ് തത്കാല്‍ ബുക്കിംഗ് നടത്തേണ്ടത്.

എ.സി ക്ലാസ് (1A,2A, 3A,CC) ബുക്കിഗ് സമയം തലേദിവസം രാവിലെ 10 മണിക്ക് ആരംഭിക്കും. നോണ്‍-എ.സി ക്ലാസ് (എസ്.എല്‍, 2എസ്) ബുക്കിംഗ് സമയം തലേദിവസം 11 മണി മുതലാണ് ആരംഭിക്കുക. ഉദാഹരണത്തിന് ഏപ്രില്‍ 15നാണ് ട്രെയിന്‍ തുടക്ക സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്നതെങ്കില്‍ ഏപ്രില്‍ 14 രാവിലെ 10 മുതല്‍ എ.സി ക്ലാസ് ബുക്കിംഗ് ഓപ്പണ്‍ ആകും. നോണ്‍ എ.സി ആണെങ്കില്‍ അതേ ദിവസം 11 മണി മുതലായിരിക്കും ബുക്ക് ചെയ്യാനാകുക.

പ്രീമിയം ടിക്കറ്റ് (PT) ബുക്ക് ചെയ്യാന്‍ തലേദിവസം രാവിലെ 10 മുതല്‍ സാധിക്കും. കറന്റ് റിസര്‍വേഷന്‍ ചെയ്യാന്‍ ട്രെയിന്‍ പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്പ് വരെയാണ് സമയം.

തത്കാല്‍ എങ്ങനെ ബുക്ക് ചെയ്യാം?

ഐ.ആര്‍.സി.ടി വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ് എന്നിവ വഴിയാണ് തത്കാല്‍ ടിക്കറ്റും ബുക്കി ചെയ്യേണ്ടത്. തത്കാല്‍ ക്വാട്ട ലഭ്യമാക്കിയിട്ടുള്ള തിരഞ്ഞെടുത്ത ട്രെയിനുകളില്‍ മാത്രമാണ് തത്കാല്‍ ബുക്കിംഗ് സൗകര്യമുണ്ടാകുക. ഒരു പി.എന്‍.ആറില്‍ നാല് യാത്രക്കാര്‍ക്കാണ് ബുക്ക് ചെയ്യാനാകുക. ഫസ്‌ക്ലാസ് എസി ഒഴികെയുള്ള ക്ലാസുകളിലാണ് തത്കാല്‍ ടിക്കറ്റ് ലഭിക്കുക. സാധാരണ നിരക്കിനു പുറമെ തത്കാലിന് അധിക ചാര്‍ജും നല്‍കണം.

ടിക്കറ്റ്‌ ബുക്ക് ചെയ്യാന്‍ ആദ്യം www.irctc.co.in അല്ലെങ്കില്‍ www.irctc.co.in എന്ന വെബ്‌സൈറ്റോ ഐ.ആര്‍.സി.റ്റി.സി ആപ്പോ സന്ദര്‍ശിക്കുക. യാത്ര ചെയ്യാനാഗ്രഹിക്കുന്ന ട്രെയിനും ക്ലാസും സെലക്ട് ചെയ്യുക. തത്കാല്‍ ക്വാട്ട തെരഞ്ഞെടുക്കുക. ഇനി യാത്രക്കാരുടെ വിവരങ്ങളും സാധുവായ ഐ.ഡി പ്രൂഫ് നമ്പറും നല്‍കുക. പേയ്‌മെന്റ് നടത്തി ബുക്കിംഗ് ഉറപ്പാക്കുക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe