തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് 244 വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജമാക്കിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ. ഷാജഹാൻ അറിയിച്ചു. ത്രിതല പഞ്ചായത്തുകൾക്ക് ബ്ലോക്ക് പഞ്ചായത്ത് തലത്തിലും മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവക്ക് അതത് സ്ഥാപന തലത്തിലുമാണ് വോട്ടെണ്ണൽ കേന്ദ്രങ്ങൾ.
വോട്ടെടുപ്പിന്റെ തലേദിവസം പോളിങ് സാധനങ്ങൾ വിതരണം ചെയ്യുന്നതും വോട്ടെടുപ്പിന് ശേഷം അവ തിരികെ വാങ്ങി സ്ട്രോങ് റൂമിൽ സൂക്ഷിക്കുന്നതും ഇതേ കേന്ദ്രങ്ങളിലാണ്. സ്ട്രോങ് റൂം, കാൻഡിഡേറ്റ് സെറ്റിങ് കേന്ദ്രം (ഇ.വി.എം കമീഷനിങ്), ഇ ഡ്രോപ്പ്, ട്രെൻഡ് സോഫ്റ്റ് വെയർ വിന്യാസം, ഡേറ്റ എൻട്രി കേന്ദ്രം, കൺട്രോൾ റൂം എന്നിവ ഈ കേന്ദ്രങ്ങളിൽ പ്രവർത്തിക്കും. ഓരോ വരണാധികാരിക്കും ആവശ്യമായ വെവ്വേറെ വിതരണ, സ്വീകരണ, വോട്ടെണ്ണൽ കേന്ദ്രവും സ്ട്രോങ് റൂമും ഇവിടങ്ങളിലുണ്ടാകും.
പൊതുയോഗങ്ങൾ, ജാഥകൾ നിർദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമീഷൻ
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രചാരണ ജാഥകളും പൊതുയോഗങ്ങളും സംഘടിപ്പിക്കുന്നത് ക്രമസമാധാനം പാലിച്ചും ബന്ധപ്പെട്ട നിയമ വ്യവസ്ഥകളും കോടതി ഉത്തരവുകളും അനുസരിച്ചുമായിരിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ. ഷാജഹാൻ. പൊതുയോഗ സ്ഥലവും സമയവും ബന്ധപ്പെട്ട രാഷ്ട്രീയ പാർട്ടിയോ സ്ഥാനാർഥിയോ സ്ഥലത്തെ പൊലീസ് ഉദ്യോഗസ്ഥരെ മുൻകൂട്ടി അറിയിക്കണം. ഒരു രാഷ്ട്രീയകക്ഷിയുടെ യോഗം നടക്കുന്ന സ്ഥലത്തുകൂടി മറ്റൊരു രാഷ്ട്രീയകക്ഷി ജാഥ നടത്താൻ പാടില്ല. പൊതുയോഗങ്ങൾ തടസ്സപ്പെടുത്തുകയോ യോഗസ്ഥലത്ത് ക്രമരഹിതമായി പ്രവർത്തിക്കുകയോ അതിന് പ്രേരിപ്പിക്കുകയോ ചെയ്യുന്നവർക്ക് മൂന്നുമാസം വരെ തടവോ 1,000 രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കും. ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് മുൻകൂട്ടി അനുമതി വാങ്ങണം. ജാഥകൾ ആരംഭിക്കുന്ന സമയവും റൂട്ടും അവസാനിപ്പിക്കുന്ന സമയവും സ്ഥലവും മുൻകൂട്ടി തീരുമാനിച്ച് പൊലീസിനെ അറിയിക്കണം. ഗതാഗത തടസ്സം ഉണ്ടാക്കരുത്. മറ്റ് രാഷ്ട്രീയ പാർട്ടി നേതാക്കളുടെയോ അംഗങ്ങളുടെയോ കോലം കൊണ്ടുനടക്കുന്നതും കത്തിക്കുന്നതും ഇത്തരത്തിലുള്ള മറ്റ് പ്രകടനങ്ങൾ നടത്തുന്നതും കുറ്റകരമാണ്.
