തന്ത്രി കണ്ഠര് രാജീവരെ മെഡിക്കൽ കോളേജിൽ ഐസിയുവിലേക്ക് മാറ്റി; റിപ്പോർട്ടിന് ശേഷം തുടർനടപടി

news image
Jan 10, 2026, 1:39 pm GMT+0000 payyolionline.in

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ റിമാന്‍ഡിലായ തന്ത്രി കണ്ഠര് രാജീവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഐസിയുവിലേക്ക് മാറ്റി. തന്ത്രിയുടെ ആരോ​ഗ്യം നിരീക്ഷിക്കുന്നതിന് വേണ്ടിയാണ് മെഡിക്കൽ കോളേജിലെ ഐസിയുവിലേക്ക് മാറ്റിയതെന്ന് ഡോക്ടർമാർ അറിയിച്ചു. കാർഡിയോളജി, മെഡിസിൻ വകുപ്പുകളുടെ ശുപാർശയിലാണ് നടപടി. ഡോക്ടർമാരുടെ റിപ്പോർട്ട് വന്നതിന് ശേഷം വൈകുന്നേരത്തോടെ മാത്രമേ ആശുപത്രിയിൽ നിന്ന് മാറ്റുന്നതിനെ കുറിച്ച് വ്യക്തമാവൂ. നേരത്തേ, പ്രമേഹത്തിനും രക്തസമ്മർദ്ദത്തിനും മരുന്ന് കഴിക്കുന്നുണ്ട്. നിലവിൽ കാലിൽ നീരുമുണ്ട്.

ഇന്ന് രാവിലെ തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിൽ വെച്ച് തന്ത്രിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് ആംബുലന്‍സിൽ ജനറൽ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. പരിശോധനയിൽ രക്തസമ്മര്‍ദം ഉയര്‍ന്ന തോതിലാണെന്ന് വ്യക്തമായെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇസിജിയിൽ കൂടുതൽ പരിശോധന വേണ്ടിവരുമെന്നും തന്ത്രിയുടെ കാലിന് നീരുണ്ടെന്നും പരിശോധിച്ച ഡോക്ടര്‍ വിനു പറഞ്ഞു. തന്ത്രിക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങളുണ്ട്. ഈ സാഹചര്യത്തിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ലെങ്കിലും കൂടുതൽ പരിശോധനക്കായി മെഡിക്കൽ കോളേജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നുവെന്നും ഡോ. വിനു പറഞ്ഞു. തന്ത്രിയുടെ രക്തപരിശോധന റിപ്പോര്‍ട്ട് വന്നതിനുശേഷമാണ് ഡോക്ടര്‍മാര്‍ മെഡിക്കൽ കോളേജിലേക്ക് റഫര്‍ ചെയ്തത്. എന്നാൽ മെഡിക്കൽ കോളേജിൽ എത്തിച്ചതോടെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe