തലശ്ശേരി: ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ഐ.ആര്.പി.സി ഹെല്പ് ഡെസ്ക് വളന്റിയറെ അക്രമാസക്തനായ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഗോപാലപേട്ടയിലെ കളരിപറമ്പത്ത് വീട്ടിൽ കെ.പി. വത്സരാജിനാണ് (52) കുത്തേറ്റത്. ചൊവ്വാഴ്ച ഉച്ചക്ക് ഒന്നോടെ ആശുപത്രി ഫാര്‍മസിക്ക് മുന്നിലാണ് സംഭവം. സര്‍ജിക്കല്‍ ബ്ലേഡ് കൊണ്ട് വയറിന് കുത്തേറ്റ വത്സരാജിനെ ആശുപ്രത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയിലെ മണർകാട് അരീപ്പറമ്പ് സ്വദേശി പണ്ടാരപ്ലാക്കട്ട് വീട്ടിൽ സച്ചിന് സാബുവിനെ (30) തലശ്ശേരി പൊലീസ് അറസ്റ്റുചെയ്തു. ആശുപത്രിയിലെത്തിവരാണ് ഇയാളെ പിടികൂടി പൊലീസില്‍ ഏല്പിച്ചത്. വത്സരാജിന്റെ വയറിന്റെ ഇടതുഭാഗത്തും മറ്റുമായി 28ഓളം സ്റ്റിച്ചുകളുണ്ട്. ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. അറസ്റ്റിലായ സച്ചിൻ സാബു ലഹരി ഉപയോഗിച്ചതായി സംശയമുണ്ട്. മനോരോഗ വിഭാഗത്തിൽ ചികിത്സതേടിയാണ് പ്രതി ആശുപത്രിയില്‍ എത്തിയത്. ഒരു പ്രകോപനവുമില്ലാതെ ഇയാൾ ആശുപത്രിയിൽ ബഹളമുണ്ടാക്കിയിരുന്നു. ആശുപത്രി അധികൃതര്‍ ഇടപെട്ട് ശാന്തമാക്കുന്നതിനിടെയാണ് സഹായിക്കാനെത്തിയ വത്സരാജിന് കുത്തേറ്റത്.
ഇയാള്‍ക്കുവേണ്ട മരുന്നുകള്‍ ഉള്‍പ്പെടെ ഐ.ആര്.പി.സിയുടെ നേതൃത്വത്തില്‍ വാങ്ങിനല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഒരു പ്രകോപനവുമില്ലാതെ യുവാവ് ബഹളമുണ്ടാക്കിയത്. നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ പൊലീസ് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
സുരക്ഷ ഉറപ്പാക്കണം
ഗവ. ജനറൽ ആശുപത്രിയിൽ ഐ.ആർ.പി.സി സേവന പ്രവർത്തകന് നേരെയുണ്ടായ ആക്രമണം നിർഭാഗ്യകരമാണെന്ന് ഐ.ആർ.പി.സി ഉപദേശക സമിതി ചെയർമാൻ പി. ജയരാജൻ പറഞ്ഞു. പരിക്കേറ്റ കെ.പി. വത്സരാജിനെ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആശുപത്രി അധികൃതരും പൊലീസും മതിയായ സുരക്ഷാസംവിധാനം ഏർപ്പെടുത്തണമെന്നും പി. ജയരാജൻ അഭ്യർഥിച്ചു. നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി, സി.പി.എം ഏരിയ സെക്രട്ടറി സി.കെ. രമേശൻ, സി. വത്സൻ, ടി.സി. അബ്ദുൽഖിലാബ്, പി.പി. സാജിത എന്നിവരും പരിക്കേറ്റ ഐ.ആർ.പി.സി പ്രവർത്തകനെ സന്ദർശിച്ചു.
പ്രതിഷേധിച്ചു
ജനറൽ ആശുപത്രിയിൽ ഐ.ആർ.പി.സി വളന്റിറായിരുന്ന വത്സരാജിനെ കുത്തിപരിക്കേൽപിച്ച സംഭവത്തിൽ കേരള ഗവ. മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ ജില്ല ഘടകം പ്രതിഷേധിച്ചു. സർക്കാർ ആശുപത്രികളിൽ ഇത്തരത്തിലുള്ള അനിഷ്ട സംഭവങ്ങൾ അടിക്കടി ആവർത്തിക്കുന്നതിൽ അസോസിയേഷൻ ആശങ്ക പ്രകടിപ്പിച്ചു. ആശുപത്രികളിൽ സ്പെഷൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിന്റെ സേവനവും അത്യാഹിത വിഭാഗത്തിൽ ആയുധസജ്ജരായ പൊലീസിന്റെ സേവനവും ഉറപ്പുവരുത്തണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.
