തലശ്ശേരി നവകേരള ബസിന് അഭിവാദ്യമർപ്പിക്കാൻ സ്കൂൾ കുട്ടികളെ പൊരിവെയിലിൽ നിര്‍ത്തി; എംഎസ്എഫ് പരാതി നൽകി

news image
Nov 22, 2023, 2:46 pm GMT+0000 payyolionline.in

കണ്ണൂര്‍: നവകേരള ബസിന് അഭിവാദ്യമർപ്പിക്കാൻ സ്കൂൾ കുട്ടികളെ പൊരിവെയിലിൽ നിര്‍ത്തിയെന്ന് പരാതി. തലശ്ശേരി ചമ്പാട് എൽപി സ്കൂളിലെ കുട്ടികളെ കൊണ്ടാണ് വെയിലത്ത് നിര്‍ത്തിയത്. സംഭവത്തില്‍ ബാലാവകാശ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും എംഎസ്എഫ് പരാതി നൽകി. പ്രധാനാധ്യാപകൻ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടി വേണമെന്നാണ് എംഎസ്എഫ് ആവശ്യപ്പെട്ടത്. മുദ്രാവാക്യം വിളിക്കാൻ അധ്യാപകർ പറയുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

നവകേരള സദസിൽ സ്കൂൾ കുട്ടികളെ പങ്കെടുപ്പിക്കണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം നേരത്തെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. മലപ്പുറം തിരൂരങ്ങാടി ഡിഇഒ വിളിച്ചു ചേർത്ത പ്രധാനധ്യാപകരുടെ യോഗത്തിലാണ് നിർദ്ദേശം നൽകിയത്. നവകേരള സദസിലേക്ക് സ്കൂൾ ബസുകൾ വിട്ടു കൊടുക്കാനുള്ള നിർദ്ദേശം ഹൈക്കോടതി സ്റ്റേ ചെയ്തതിന് പിന്നാലെയാണ് സ്കൂൾ  കുട്ടികളെത്തന്നെ നിർബന്ധമായും സദസിൽ പങ്കെടുപ്പിക്കണമെന്ന ഡിഇഒയുടെ കടുത്ത നിർദേശം.

താനൂർ ഉപജില്ലയിലെ ഒരു സ്കൂളിൽ നിന്ന് കുറഞ്ഞത് 200 കുട്ടികളെ വീതവും തിരൂരങ്ങാടി വേങ്ങര, പരപ്പനങ്ങാടി ഉപജില്ലകളിൽ നിന്നായി കുറഞ്ഞത് 100 കുട്ടികളെയും എത്തിക്കണം എന്നുമായിരുന്നു നിർദേശം. അച്ചടക്കമുള്ള കുട്ടികളെ മാത്രം കൊണ്ടുപോയാൽ മതിയെന്നും നിർദേശിച്ചിരുന്നു. സംഭവം വിവാദമായതോടെ പഠനത്തിന്റെ ഭാഗമായി കുട്ടികളെ കൊണ്ട് പോകാമെന്ന് മാത്രമാണ് പറഞ്ഞതെന്ന് ഡിഇഒ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe