താനൂർ: താനൂരിൽനിന്ന് കാണാതായ രണ്ടു വിദ്യാർഥിനികളെ മുംബൈയിൽ കണ്ടെത്തിയ സംഭവത്തിൽ അസ്വാഭാവികതയില്ലെന്ന നിഗമനത്തിൽ പൊലീസ്. പെൺകുട്ടികളെ കൊണ്ടുപോയ ഇൻസ്റ്റഗ്രാം സുഹൃത്ത് എടവണ്ണ സ്വദേശി അക്ബർ റഹീമിനു പുറമെ മറ്റാർക്കെങ്കിലും പങ്കുള്ളതായി തെളിവുകളൊന്നുമില്ലെന്നാണ് സൂചന.
വിദ്യാർഥിനികൾ മുംബൈ യാത്രയിൽ ഹെയർ ട്രീറ്റ്മെൻറ് നടത്തിയ ബ്യൂട്ടി പാർലറിന്റെ നടത്തിപ്പുകാർക്കോ മറ്റോ സംഭവത്തിൽ പങ്കുള്ളതായി തെളിവുകളൊന്നും ലഭിച്ചില്ല. വിദ്യാർഥിനികൾ യാദൃച്ഛികമായി മലയാളി ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാർലറിൽ എത്തുകയായിരുന്നെന്നാണ് മുംബൈയിലടക്കം നേരിൽ പോയി വിശദ അന്വേഷണം നടത്തിയശേഷമുള്ള പൊലീസ് കണ്ടെത്തൽ.
സുഹൃത്തായ യുവാവിന്റെ സഹായത്തോടെ കുട്ടികൾ നടത്തിയ സാഹസിക യാത്രയായാണ് പൊലീസ് വിശദീകരിക്കുന്നതെങ്കിലും സംഭവം ദേശീയ മാധ്യമങ്ങളിലടക്കം വാർത്തയാകുകയും സ്കൂൾ അധികൃതരടക്കം ദുരൂഹത ആരോപിക്കുകയും ചെയ്തതിനാൽ എല്ലാ സാധ്യതയും പരിഗണിച്ച് വിശദ അന്വേഷണം നടത്തിയശേഷമേ കേസ് അവസാനിപ്പിക്കൂവെന്ന് താനൂർ ഡിവൈ.എസ്.പി പി. പ്രമോദ് പറഞ്ഞു.
അതിനിടെ, ചൈൽഡ് വെൽഫെയർ കമ്മിറ്റി തീരുമാനപ്രകാരം പെൺകുട്ടികളെ രക്ഷിതാക്കളുടെ കൂടെ വീട്ടിലേക്കയച്ചു. പരീക്ഷക്ക് ഹാജരാകാനുള്ള എല്ലാ സൗകര്യങ്ങളും തുടർന്നും നൽകാനാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റി തീരുമാനം.