താമരശ്ശേരി ഫോറസ്റ്റ് ഓഫീസ് ആക്രമണം: പുനര്‍വിചാരണയ്ക്ക് സാധ്യത തേടി വനം വകുപ്പ്

news image
Sep 22, 2023, 9:54 am GMT+0000 payyolionline.in

കോഴിക്കോട്: താമരശേരി ഫോറസ്റ്റ് ഓഫീസ് ആക്രമണ കേസിൽ പുനർ വിചാരണയ്ക്ക് സാധ്യത തേടി വനം വരകുപ്പ്. ഇക്കാര്യത്തിൽ എജിയുടെ നിയമോപദേശം തേടിയെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. വിചാരണയ്ക്കിടെ കൂറുമാറിയ നാല് വനം ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല നടപടിയും ആലോചിക്കുന്നുണ്ട്. അതിനിടെ, കൂറുമാറിയ വനംവകുപ്പ് ജീവനക്കാരുടെ മൊഴിപ്പകര്‍പ്പ് പുറത്ത് വന്നു.

 

സംസ്ഥാന വനം വകുപ്പിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആക്രമണം നേരിട്ട ഒരു കേസിലെ മുഴുവന്‍ പ്രതികളെയുമാണ് ബുധനാഴ്ച കോഴിക്കോട് സ്പെഷ്യല്‍ അഡീഷണല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടത്. ആക്രമണത്തിന് ദൃക്സാക്ഷികളായ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അടക്കമുളള നാല് വനം ഉദ്യോഗസ്ഥരുടെ കൂറുമാറിയതായിരുന്നു കേസില്‍ നിര്‍ണായകമായത്. പട്ടാപ്പകല്‍ വനംവകുപ്പ് ഓഫീസ് ആക്രമിക്കുകയും നിരവധി വാഹനങ്ങള്‍ തകർക്കുകയും സുപ്രധാന ഫയലുകൾ അഗ്നിക്കിരയാക്കുകയും 80 ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തുകയും ചെയ്ത കേസിൽ 35 പ്രതികളില്‍ ഒരാള്‍ക്ക് പോലും ശിക്ഷ കിട്ടിയില്ല. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുനര്‍ വിചാരണയുടെ സാധ്യത തേടുന്നത്.

 

അതിനിടെ, കേസില്‍ കൂറുമാറിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അടക്കമുളളവര്‍ കോടതിയില്‍ നല്‍കിയ മൊഴിയുടെ പകര്‍പ്പ് പുറത്ത് വന്നു. സംഭവസമയം ഡെപ്യൂട്ടി റേഞ്ചറായിരുന്ന എകെ രാജീവന്‍റെ മൊഴിയില്‍ അക്രമികളെ കണ്ടാല്‍ തിരിച്ചറിയാനാകില്ലെന്നും പേര് തനിക്കോര്‍മയില്ലെന്നും പറയുന്നുണ്ട്. പ്രതികളെ തിരിച്ചറിയാവുന്ന യാതൊരു അടയാളവും പൊലീസിന് പറഞ്ഞു കൊടുത്തിരുന്നില്ലെന്നും ഇയാളുടെ മൊഴിയിലുണ്ട്. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ ആയിരുന്ന വി പി സുരേന്ദ്രൻ, ബികെ പ്രവീണ്‍, എം സുബ്രമണ്യന്‍ എന്നിവരും വിചാരണ വേളയില്‍ പൊലീസിന് ആദ്യം കൊടുത്ത മൊഴി മാറ്റിപ്പറഞ്ഞു.

ഇവരുള്‍പ്പെടെ എട്ട് സാക്ഷികള്‍ കൂറുമാറിയപ്പോള്‍ പ്രതികളെ താമരശേരി ടൗണില്‍ വച്ച് അറസ്റ്റ് ചെയ്ത അന്നത്തെ സിഐ ബിജുരാജ് അടക്കമുളളവര്‍ക്ക് കോടതിയില്‍ പ്രതികളെ തിരിച്ചറിയാന്‍ കഴിഞ്ഞതുമില്ല. പ്രതികള്‍ വനം വകുപ്പ് ഓഫീസ് ആക്രമിക്കുന്നതിന്‍റെയും വാഹനങ്ങള്‍ക്ക് തീ ഇടുന്നതിന്‍റെയും എല്ലാം വിശദമായ ദൃശ്യങ്ങള്‍ നിലനില്‍ക്കെയായിരുന്നു സാക്ഷികളുടെ കൂട്ടത്തോടെയുളള കൂറുമാറ്റം. ഒടുവില്‍ പ്രതികള്‍ക്കനുകൂലമായ കോടതി വിധിയും വന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe