താരസംഘടന എ എം എം എയില്‍ തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 15ന്

news image
Jul 4, 2025, 9:10 am GMT+0000 payyolionline.in

താരസംഘടന എ എം എം എയില്‍ തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 15ന് നടക്കും.അടുത്ത മൂന്ന് വര്‍ഷത്തേയ്ക്കുള്ള ഭരണസമിതിയിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. വോട്ടെടുപ്പ് കഴിഞ്ഞാലുടന്‍ ഫലപ്രഖ്യാപനവും ഉണ്ടാകും.മോഹന്‍ലാല്‍ മത്സരിക്കാനില്ലെന്നറിയിച്ച സാഹചര്യത്തില്‍ പ്രസിഡന്‍റ് സ്ഥാനത്തേക്കുള്‍പ്പടെ ശക്തമായ മത്സരമുണ്ടാകുമെന്നാണ് വിവരം.

 

കഴിഞ്ഞ ജൂണ്‍ 22ന് ചേര്‍ന്ന എ എം എം എയുടെ 31ാമത് വാര്‍ഷിക പൊതുയോഗത്തില്‍ മൂന്നുമാസത്തിനകം തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് തിയ്യതി ഉള്‍പ്പടെ വ്യക്തമാക്കിക്കൊണ്ട് വിജ്ഞാപനം പുറത്തിറങ്ങിയിരിക്കുന്നത്. ഇതു സംബന്ധിച്ച നോട്ടീസ് ഇതിനകം അംഗങ്ങള്‍ക്ക് അയച്ചുകഴിഞ്ഞു. അസാധാരണ പൊതുയോഗം എന്ന തലക്കെട്ടിലാണ് നോട്ടീസയച്ചിരിക്കുന്നത്. മുന്‍പുണ്ടായിരുന്ന ഭരണസമിതി രാജിവെച്ചതിനെത്തുടര്‍ന്ന് ചുമതല വഹിച്ചിരുന്ന അഡ്ഹോക്ക് കമ്മിറ്റി പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്തുന്നതു സംബന്ധിച്ചുള്ള സമഗ്രമായ വിവരങ്ങള്‍ വ്യക്തമാക്കുന്ന നോട്ടീസാണ് അംഗങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്.

 

2025 -28 ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 15ന് രാവിലെ 10 മുതല്‍ 1 മണിവരെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. വോട്ടെടുപ്പ് പൂര്‍ത്തിയായാലുടന്‍ ഫലപ്രഖ്യാപനമുണ്ടാകും. അന്തിമ വോട്ടര്‍ പട്ടിക ജൂലൈ 15ന് പ്രസിദ്ധീകരിക്കും. പ്രസിഡന്‍റ്, 2 വൈസ് പ്രസിഡന്‍റുമാര്‍, ജനറല്‍ സെക്രട്ടറി, ജോയിന്‍ സെക്രട്ടറി, ട്രഷറര്‍, 11 എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പടെ 17 അംഗ ഭരണസമിതിയിലേക്കാണ് തെരഞ്ഞെടുപ്പ്.

മോഹന്‍ലാല്‍ മത്സരിക്കാനില്ലെന്നറിയിച്ച സാഹചര്യത്തില്‍ പ്രസിഡന്‍റ് സ്ഥാനത്തേക്കുള്‍പ്പടെ ശക്തമായ മത്സരമുണ്ടാകുമെന്നാണ് വിവരം.11 അംഗ എക്സിക്യുട്ടീവില്‍ നാല് സീറ്റുകള്‍ വനിതകള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. ജൂലൈ 16 മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. 24 ആണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി. തെരഞ്ഞെടുപ്പ് ഓഫീസര്‍മാരായി നിശ്ചയിച്ച കുഞ്ചനും‍,പൂജപ്പുര രാധാകൃഷ്ണനും‍, പുറമെ എക്സ് ഒഫീഷ്യോ അംഗം മോഹന്‍ ലാലിനെയും ഉള്‍പ്പെടുത്തി തെരഞ്ഞെടുപ്പ് സബ് കമ്മിറ്റി കമ്മിറ്റിക്കും രൂപം നല്‍കിയിട്ടുണ്ട്.അഡ്വ കെ മനോജ് ചന്ദ്രനാണ് റിട്ടേണിംഗ് ഓഫീസര്‍.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe