ബെംഗളൂരു: ബെളഗാവിയിൽ താലികെട്ടിന് തൊട്ടുമുൻപ് വധുവിനോടു കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട വരനെ അറസ്റ്റ് ചെയ്തു. സർക്കാർ ജോലിക്കാരനാണ് ഇയാൾ. ഹുബ്ബള്ളി സ്വദേശി സച്ചിൻ പാട്ടീലാണ് പിടിയിലായത്. ബെളഗാവി ഖാനാപുരയിലെ വധുവിന്റെ വീടിനു സമീപത്തെ കല്യാണ മണ്ഡപത്തിൽ ഡിസംബർ 31നായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്.
ബെളഗാവി കലക്ടറേറ്റിൽ ജീവനക്കാരനായ സച്ചിന് 5 ലക്ഷം രൂപയും 50 ഗ്രാം സ്വർണവും വിവാഹ നിശ്ചയ സമയത്ത് നൽകിയിരുന്നു. എന്നാൽ വിവാഹച്ചടങ്ങിനെത്തിയപ്പോൾ 100 ഗ്രാം സ്വർണവും 10 ലക്ഷം രൂപയും നൽകിയാൽ മാത്രമേ താലികെട്ടുകയുള്ളൂവെന്ന് നിർബന്ധം പിടിച്ചതോടെ യുവതി വിവാഹത്തിൽനിന്നു പിൻമാറി. വധുവിന്റെ മാതാപിതാക്കൾ പരാതി നൽകിയതോടെ സച്ചിനെ അറസ്റ്റ് ചെയ്തു.