താഴ്ചയിലേക്ക് വീണ ട്രൈപോഡ് എടുക്കാന്‍ ശ്രമം; വെള്ളച്ചാട്ടത്തില്‍ വീണ് യുവ ഡോക്ടര്‍ക്ക് ദാരുണാന്ത്യം

news image
Mar 9, 2024, 1:32 pm GMT+0000 payyolionline.in

വിജയവാഡ: ഓസ്‌ട്രേലിയയില്‍ ഡോക്ടറായ ഇന്ത്യന്‍ വംശജയായ യുവതി വെള്ളച്ചാട്ടത്തില്‍ വീണ് മരിച്ചു. ഉജ്വല വെമുരു എന്ന 23കാരിയാണ് ഗോള്‍ഡ് കോസ്റ്റിലെ ലാമിംഗ്ടണ്‍ നാഷണല്‍ പാര്‍ക്കിലെ യാന്‍ബാക്കൂച്ചി വെള്ളച്ചാട്ടത്തില്‍ വീണ് മരിച്ചത്.

ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ഉജ്വല സുഹൃത്തുക്കളോടൊപ്പം ട്രെക്കിംഗിനായി എത്തിയപ്പോഴായിരുന്നു അപകടം. നടക്കുന്നതിനിടെ ചെരിവിലേക്ക് വീണ ട്രൈപോഡ് എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ്, യുവതി 20 മീറ്റര്‍ താഴ്ചയിലെ വെള്ളച്ചാട്ടത്തിലേക്ക് വീണത്. സുഹൃത്തുക്കള്‍ വിവരം അറിയിച്ചതോടെ സ്ഥലത്തെത്തിയ രക്ഷാപ്രവര്‍ത്തകര്‍ ആറ് മണിക്കൂറോളം സമയമെടുത്താണ് മൃതദേഹം പുറത്തെടുത്തത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്നും പൊലീസ് അറിയിച്ചു. അപകടത്തിന് പിന്നാലെ വെള്ളച്ചാട്ടം കാണാന്‍ എത്തുന്നവര്‍ ജാഗ്രതനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

ഉജ്വലയുടെ മാതാപിതാക്കളായ വെമുരു വെങ്കിടേശ്വര റാവുവും മൈഥിലിയും ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഓസ്‌ട്രേലിയയില്‍ സ്ഥിരതാമസമാക്കിയവരാണ്. കഴിഞ്ഞ വര്‍ഷമാണ് ഉജ്വല ഗോള്‍ഡ് കോസ്റ്റ് ബോണ്ട് സര്‍വകലാശാലയില്‍ നിന്ന് വൈദ്യശാസ്ത്രത്തില്‍ ബിരുദം നേടിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe