തിക്കോടി ഫിഷ് ലാൻഡിങ് സെന്റർ പുനരുദ്ധാരണം; 5.27 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി കാക്കുന്നു

news image
Apr 24, 2025, 12:54 pm GMT+0000 payyolionline.in

തിക്കോടി : തിക്കോടി ഫിഷ് ലാൻഡിങ്‌ സെന്ററിന്റെ പുനരുദ്ധാരണത്തിനായി 5.27 കോടി രൂപയുടെ പദ്ധതിക്ക്‌ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അനുമതികാക്കുന്നു. പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന പദ്ധതിയിൽപ്പെടുത്തി തിക്കോടി ഫിഷ്‌ലാൻഡിങ്‌ സെന്റർ പുനരുദ്ധരിക്കുന്നതിനുള്ള പദ്ധതി സംസ്ഥാന ഹാർബർവകുപ്പാണ് തയ്യാറാക്കിയത്.

പദ്ധതിക്ക്‌ ഭരണാനുമതിനൽകുന്നതിന് മുന്നോടിയായി സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റൽ എൻജിനിയറിങ്‌ ഫോർ ഫിഷറീസ് ടെക്‌നിക്കൽ വിങ് 2023 ഒക്ടോബർ 13-ന് സെൻറർ സന്ദർശിച്ചിരുന്നു. നിലവിൽ തിക്കോടി ഫിഷ്‌ ലാൻഡിങ്‌ സെന്ററിന്റെ തെക്കുഭാഗത്ത് 200 മീറ്റർ നീളത്തിൽ ഗ്രോയിൻ (പുലിമുട്ട്) നിർമിച്ചിട്ടുണ്ട്. വടക്കുഭാഗത്തുകൂടി 120 മീറ്റർ നീളത്തിൽ ചെറുപുലിമുട്ട് നിർമിച്ചാലേ മത്സ്യബന്ധന വള്ളങ്ങൾ സുരക്ഷിതമായി നങ്കൂരമിടാൻകഴിയുകയുള്ളൂ. വടക്കുഭാഗത്ത് പുലിമുട്ട് നിർമിക്കാൻ ബന്ധപ്പെട്ട ഏജൻസികളുടെ ശാസ്ത്രീയപഠനം വേണമെന്നാണ് സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റൽ എൻജിനിയറിങ് വിഭാഗം ആവശ്യപ്പെട്ടിരിക്കുന്നത്.

ശാസ്ത്രീയപഠനറിപ്പോർട്ടുകൂടി ഉണ്ടെങ്കിൽമാത്രമേ തിക്കോടി ഫിഷ്‌ ലാൻഡിങ് സെന്ററിന് ഭരണാനുമതി ലഭിക്കുകയുള്ളൂ. തിക്കോടി ചെറു മത്സ്യബന്ധനതുറമുഖത്തിന്റെ (ഫിഷ്‌ ലാൻഡിങ് സെന്റർ) നിർമിക്കാൻ ഒരു ഏക്രയോളം സ്ഥലം ഹാർബർ എൻജിനിയറിങ്‌ വകുപ്പ് ഇവിടെ ഏറ്റെടുത്തിട്ടുണ്ട്. തിക്കോടി മേഖലയിലെ മത്സ്യത്തൊഴിലാളികൾ അവരുടെ വള്ളങ്ങളടുപ്പിക്കുന്നത് ഇവിടെയാണ്. ഇവിടെ ലേലപ്പുര, ശൗചാലയം, ചുറ്റുമതിൽ, ഗെയിറ്റ്, പാർക്കിങ്‌ ഏരിയ, നിലവിലുള്ള റോഡിന്റെ പുനരുദ്ധാരണം, വല റിപ്പയറിങ്‌ ഷെഡ്, 120 മീറ്റർ നീളത്തിൽ പുലിമുട്ട് (ഗ്രോയിൻ), ശുദ്ധജലസംവിധാനം, വൈദ്യുതവെളിച്ചം, സോളാർ ലൈറ്റ്, നിലവിലുള്ള പുലിമുട്ട് ബലപ്പെടുത്തൽ എന്നിവ വേണം.

നിർമാണ പ്രവർത്തനങ്ങൾക്കുമുൻപ്‌ മണ്ണുപരിശോധനയും വേണം. ഇതിനെല്ലാംകൂടിയാണ് 5.27 കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയതെന്ന് ഹാർബർ എൻജിനിയറിങ് വകുപ്പ് അസി. എക്സിക്യുട്ടീവ് എൻജിനിയർ എം.എസ്. രാഗേഷ് പറഞ്ഞു.

തിക്കോടിയിൽ ആധുനികസജ്ജീകരണങ്ങളോടെ ഫിഷ് ലാൻഡിങ്‌ സെന്റർ യാഥാർഥ്യമായാൽ നാല് മത്സ്യഗ്രാമങ്ങളിലെ മത്സ്യത്തൊഴിലാളികൾക്കും അനുബന്ധമേഖലയിൽ പ്രവർത്തിക്കുന്നവർക്കും പ്രയോജനപ്പെടും.

200-ലധികം വള്ളങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് ഫിഷ്‌ ലാൻഡിങ് സെന്റർ അത്താണിയാകും. ഒട്ടേറെ തൊഴിലവസരങ്ങളുമുണ്ടാകും. പയ്യോളിയിലും ഫിഷ്‌ ലാൻഡിങ് സെന്ററിന്റെ പദ്ധതിയുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe