തിയറ്ററുകൾ കൈയടക്കാൻ നിർമാതാക്കൾ; അനുവദിക്കില്ലെന്ന്‌ ഫിയോക്‌

news image
Feb 23, 2024, 4:20 am GMT+0000 payyolionline.in

കൊച്ചി: ഏതാനും നിർമാതാക്കൾ ആരംഭിച്ച ഡിജിറ്റൽ മാസ്‌റ്ററിങ് യൂണിറ്റിൽനിന്നുള്ള പ്രിന്റുകൾ കേരളത്തിലെ മുഴുവൻ തിയറ്ററുകളിലും അടിച്ചേൽപ്പിക്കാനുള്ള നീക്കത്തെയാണ്‌ തിയറ്റർ ഉടമകൾ ചെറുക്കുന്നതെന്ന്‌ തിയറ്റർ ഉടമാ സംഘടനയായ ഫിയോക്കിന്റെ പ്രസിഡന്റ്‌ കെ വിജയകുമാർ. ഒടിടി വ്യവസ്ഥ ലംഘിക്കുന്നതിൽ ഫിയോക്കിന്‌ ശക്തമായ പ്രതിഷേധമുണ്ട്‌. എന്നാൽ, 23ന്‌ ആരംഭിക്കുന്ന പ്രതിഷേധത്തിന്റെ കാരണം അതല്ല. പുതിയ കണ്ടന്റ്‌ അടിച്ചേൽപ്പിക്കുന്നതിലൂടെ തിയറ്റർ ഉടമകൾക്ക്‌ അധിക സാമ്പത്തികബാധ്യതയുണ്ടാക്കാനും തിയറ്ററുകൾക്കുമേൽ അധികാരം സ്ഥാപിക്കാനുമുള്ള നിർമാതാക്കളുടെ ശ്രമത്തിനെതിരെയാണ്‌ പ്രതിഷേധം. നിലവിലെ സംവിധാനത്തിൽ പ്രദർശനത്തിന്‌ ഒരുങ്ങിയ എല്ലാ സിനിമകളും റിലീസ്‌ ചെയ്യും. അല്ലാത്തവ 23 മുതൽ റിലീസ്‌ ചെയ്യില്ലെന്നും വിജയകുമാർ പറഞ്ഞു.

നിർമാതാക്കളിൽ ചിലർ ചേർന്ന്‌ ആരംഭിച്ച കണ്ടന്റ്‌ മാസ്‌റ്ററിങ് സംവിധാനത്തിലൂടെ തയ്യാറാക്കുന്ന സിനിമാ പ്രിന്റുകൾ നിലവിലെ സംവിധാനത്തിലൂടെ പ്രദർശിപ്പിക്കാനാകില്ല. യുഎഫ്‌ഒ, ക്യൂബ്‌ തുടങ്ങിയ സർവീസ്‌ പ്രൊവൈഡർമാരാണ്‌ നിലവിൽ മാസ്‌റ്ററിങ്ങും പ്രിന്റ് വിതരണവും നടത്തുന്നത്‌. സെർവറും പ്രൊജക്ടറും മറ്റു സാങ്കേതികസംവിധാനങ്ങളും അവർ സ്ഥാപിച്ചിട്ടുണ്ട്‌. അമ്പത്‌ ലക്ഷംമുതൽ രണ്ടുകോടി രൂപവരെയാണ്‌ ഓരോ തിയറ്ററുകളിലും ചെലവാക്കിയിട്ടുള്ളത്‌. നിർമാതാക്കൾ തയ്യാറാക്കുന്ന പ്രിന്റുകൾ ആ സംവിധാനത്തിൽ പ്രദർശിപ്പിക്കാനാകില്ല. തങ്ങളുടെ പ്രിന്റുകൾ പ്രദർശിപ്പിക്കാനുള്ള സംവിധാനം ഒരുക്കാത്ത തിയറ്ററുകൾക്ക്‌ സിനിമ തരില്ലെന്നാണ്‌ നിർമാതാക്കളുടെ നിലപാട്‌. പുതുതായി സ്ഥാപിക്കുന്ന തിയറ്ററുകളിൽമാത്രം പുതിയ സംവിധാനമൊരുക്കിയാൽ മതിയെന്ന്‌, ഫിയോക്കിന്റെ എതിർപ്പിനെത്തുടർന്ന്‌ നിർമാതാക്കൾ സമ്മതിച്ചിരുന്നു. എന്നാൽ, അടുത്തിടെ നവീകരിച്ച എട്ട്‌ തിയറ്ററുകളിൽ പുതിയ സംവിധാനം ഏർപ്പെടുത്താൻ നിർബന്ധിച്ചത്‌ ഫിയോക്കിന്റെ പ്രതിഷേധത്തിനിടയാക്കി. ആ തിയറ്ററുകൾക്ക്‌ നിർമാതാക്കൾ പുതിയ റിലീസ്‌ അവനുവദിച്ചില്ല. ഇതുകൊണ്ടാണ്‌ പ്രതിഷേധം കടുപ്പിച്ചതെന്നും കെ വിജയകുമാർ പറഞ്ഞു.

സംസ്ഥാനത്ത്‌ എണ്ണൂറോളം സ്‌ക്രീനുകളിൽ 65 എണ്ണത്തിലാണ്‌ നിർമാതാക്കളുടെ കണ്ടന്റ്‌ പ്രദർശിപ്പിക്കാനാകുന്നത്‌. പഴയ സംവിധാനത്തിൽ പ്രവർത്തിച്ചിരുന്ന തിയറ്ററുകൾ നവീകരിക്കുമ്പോൾ പുതിയ സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യം  അംഗീകരിക്കില്ല. നിർമാതാക്കളുടെ പിടിവാശി അവസാനിപ്പിക്കാതെ പ്രശ്‌നം തീരില്ല. പിടിവാശിയില്ലാത്ത നിർമാതാക്കളുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കും. 30ന്‌ അത്തരം സിനിമകൾ റിലീസ്‌ ചെയ്യുന്നുണ്ടെന്നും വിജയകുമാർ പറഞ്ഞു.

ഡിജിറ്റൽ 
മാസ്‌റ്ററിങ്‌
ഡിജിറ്റലായി ചിത്രീകരിക്കുന്ന സിനിമകൾ കൂട്ടിച്ചേർക്കലും തിരുത്തലും വരുത്തി പ്രദർശിപ്പിക്കുന്ന സാങ്കേതികവിദ്യയാണ്‌ മാസ്‌റ്ററിങ്. ഇതിലൂടെ കൂടുതൽ ദൃശ്യ, ശ്രാവ്യ മികവ്‌ കൈവരും. 10–-15 ലക്ഷം രൂപ ചെലവിൽ സാങ്കേതികസംവിധാനം ഒരുക്കാം. കുറഞ്ഞ ചെലവിൽ മാസ്‌റ്ററിങ് നടത്താം. നിലവിലെ സർവീസ്‌ പ്രൊവൈഡർമാർ വലിയ തുക വാങ്ങുന്നുവെന്നതിനാലാണ്‌ നിർമാതാക്കൾ ബദലുണ്ടാക്കിയത്‌.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe