തിരുവനന്തപുരം: തലസ്ഥാനത്ത് കൂട്ടക്കൊലപാതകം. തിരുവനന്തപുരം വെഞ്ഞാറമൂടിൽ യുവാവ് പെണ്‍സുഹൃത്തിനെയും സ്വന്തം സഹോദരനെയും വെട്ടി കൊലപ്പെടുത്തി. വെട്ടേറ്റ മാതാവിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെഞ്ഞാറമൂട് പേരുമല സ്വദേശിയായ 23കാരൻ അഫാൻ ആണ് പെണ്‍സുഹൃത്തിനെയും സ്വന്തം സഹോദരനെയും വെട്ടിക്കൊലപ്പെടുത്തിയത്. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് അഫാൻ പെണ്‍സുഹൃത്തിനെ വീട്ടിലേക്ക് കൂട്ടികൊണ്ടുവന്നത്.

ഇവരുടെ വീട്ടിലുണ്ടായിരുന്ന മറ്റൊരാള്‍ക്കും വെട്ടേറ്റിട്ടുണ്ട്. ഇയാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നാലെ പ്രതി വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. കൂടുതൽ പേരെ ആക്രമിച്ചിട്ടുണ്ടെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി. പ്രതിയെ പൊലീസ് ചോദ്യം ചെയ്തുവരുകയാണ്. മരിച്ചവരുടെ പേരുവിവരങ്ങള്‍ ഉള്‍പ്പെടെ ലഭ്യമായിട്ടില്ല. അതേസമയം, സ്റ്റേഷനിലെത്തിയ പ്രതി ആറുപേരെ കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് മൊഴി നൽകിയത്. പ്രതിയുടെ മൊഴി ഉള്‍പ്പെടെ പൊലീസ് പരിശോധിച്ചുവരുകയാണ്.